“വിത്തു കുത്തി ഉണ്ണുന്ന കേന്ദ്ര ഭരണാധികാരികൾ“;

നമ്മുടെ രാജ്യത്തെ ജനത ഒരു എലിമിനേഷൻ റൗണ്ടിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്നുകിൽ കുത്തകകൾ അല്ലെങ്കിൽ ജനങ്ങൾ എന്ന നിലയിൽ ചൂഷണത്തിനുള്ള പദ്ധതികൾ കേന്ദ്ര ഭരണാധികാരികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കയാണ്.”വിത്തു കുത്തി ഉണ്ണുന്നവർ” എന്ന നിലയിലേക്ക് രാജ്യം ഭരിക്കുന്നവർ മാറിയിരിക്കുന്നു .

ബാങ്ക് ഓഫ് ബറോഡ , ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ലയനത്തിലൂടെ സംയോജിപ്പിച്ച് ഒറ്റ ബാങ്ക് അക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. പൊതുമേഖലയുടെ ഓഹരി വിൽപ്പനയിൽ തുടങ്ങി വിദേശ മൂലധനത്തിന്റെ കടന്നു വരവിനും സ്വകാര്യ വൽക്കരണത്തിനും പാതയൊരിക്കിയവർ ബാങ്കിങ്ങ് മേഖലയെയും തകർക്കാൻ പദ്ധതികൾ ഒരുക്കിക്കഴിഞ്ഞു.

ഓഹരി വിപണിയിലെ തകർച്ചയും ബാങ്കിങ്ങ് മേഖലയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ലയനനീക്കത്തിന് പിന്നിൽ എന്ന് പറയുന്നവർ എന്താണ് പൊതു മേഖല ബാങ്കുകളുടെ പ്രതിസന്ധിയുടെ കാരണമെന്ന് ജനങ്ങളിൽ നിന്നും മറച്ച് വെക്കുകയാണ്.

ഇന്ത്യൻ പൊതു മേഖല ബാങ്കുകൾക്ക് കോർപ്പറേറ്റുകളുടെ കിട്ടാക്കടം കുമിഞ്ഞ് കൂടിയതാണ് ഇത്രയും വലിയ മൂലധന ക്ഷാമം നേരിടുന്നത്. ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്ത പാവപ്പെട്ട വനിൽ നിന്നും പിഴ ഈടാക്കുന്ന പൊതു മേഖല ബാങ്കുകൾ പക്ഷെ കോർപ്പറേറ്റുകളുടെ കിട്ടാക്കടം തിരിച്ച് പിടിക്കാൻ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല.

ബാങ്കുകളെ നിയന്ത്രണ മുക്തവും അന്വേഷണ രഹിതവും ആക്കണമെന്ന് ശുപാർശ ചെയ്തവർ ഇപ്പോൾ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ബാങ്കുകളെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ബാങ്കുകളിലെ കള്ളക്കടത്തിന്റെ 88 % വരുത്തിയിരിക്കുന്നത് വൻകിട മുതലാളിമാരാണ്.

1969 ലും 1980ലും രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽ ബാങ്ക് ദേശസാൽക്കരണം നടത്തിയത്. 1969 ജുലൈ 19 ന് 14 ബാങ്കുകളും ( 50 കോടിയിൽ കൂടുതൽ നിക്ഷേപ മൂലധനമുള്ളവ) 1980 ഏപ്രിൽ 15ന് 6 ബാങ്കുകളും ( 200 കോടിയിൽ കൂടുതൽ മൂലധന നിക്ഷേപം ഉള്ളവ) നമ്മുടെ രാജ്യത്ത് ദേശാസൽക്കരിച്ചു.ദേശാസാൽകൃത ബാങ്കുകളിൽ ന്യൂ ഇന്ത്യ ബാങ്ക് പ്രതിസസന്ധിയിൽ ആയതിനെത്തുടർന്ന് 1993 ൽ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.

നിലവിൽ രാജ്യത്ത് 19 ദേശസാൽകൃത ബാങ്കുകൾ സമൂഹത്തിലെ പാവപ്പെട്ടവർക്ക് കൃഷി, വ്യവസായം തുടങ്ങിയ മുൻഗണന വിഭാഗങ്ങൾക്ക് വായ്പ ഉറപ്പാക്കുക എന്ന സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുന്നതിനായി നിലവിലുണ്ടെങ്കിലും പാവങ്ങളുടെ പേരിൽ കുത്തകകൾ പണം തട്ടുന്നതിന്റെ അനുഭവ സാക്ഷ്യങ്ങൾ ആണ് അടുത്തകാലത്തായി നാം കേട്ടുകൊണ്ടിരിക്കുന്നത്.

2016ൽ 615 അക്കൗണ്ടുകളിലായി നൽകിയ കാർഷിക കടം 5861 രൂപ ആയിരുന്ന എന്നതും ഈ പണം കർഷകന്റെ പേരിൽ തട്ടിയെടുത്തത് കുത്തകകൾ ആയിരുന്നുവെന്നതും വായ്പയും സബ്സിഡിയും ലഭിക്കാത്ത ഇന്ത്യൻ കർഷക സമൂഹം പോരാട്ടത്തിന്റെ പാതയിൽ ആയിരുന്നു എന്നതും നമുക്ക് സുപരിചിതമായ വാർത്തയാണ്.

ബാങ്കുകളുടെ വഴിവിട്ട പോക്ക് ആ സ്ഥാപനങ്ങളെ മാത്രമല്ല ജനജീവിതത്തെയും സമ്പദ് വ്യവസ്ഥയെയും തകർത്തെറിയും. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നപ്പോൾ കോർപ്പറേറ്റുകൾ തങ്ങളുടെ സ്വകാര്യ ബിസിനസ്സ് സംരഭങ്ങൾക്ക് പണം കണ്ടത്തിയത് പൊതുമേഖല ബാങ്കുകളുടെ പണത്തിൽ നിന്നാണെന്ന് നമുക്ക് ബോധ്യമായതാണ്. പലിശ രഹിതമായും വ്യവസ്ഥകൾ പാലിക്കാതെയും കോടിക്കണക്കിന് രൂപയാണ് SBl ഉൾപ്പടെയുള്ള ബാങ്കുകൾ കോർപ്പറേറ്റുകൾക്ക് വായ്പ നല്കിയിരിക്കുന്നത് .

എന്നാൽ ഇത്തരം വായ്പകളിൽ ഒരു ശതമാനം പോലും തിരിച്ചു കിട്ടിയിട്ടില്ല. കിട്ടാക്കടങ്ങളെ നോൺ പെർഫോമിങ്ങ് അസറ്റ് അഥവാ എൻ പി എ എന്ന ഓമനപ്പേരിട്ട് തള്ളിക്കളയുകയാണ് നമ്മുടെ ബാങ്കുകൾ ചെയ്യുന്നത്. ഇതേ ബാങ്കുകൾ ആണ് കൃഷി നടത്താനും, വീട് നിർമ്മിക്കാനും ,മക്കളെ പഠിപ്പിക്കാനും കിടപ്പാടം പണയം വച്ചവനെ ജപ്തി ചെയ്ത് തെരുവിൽ ഇറക്കുന്നതും.

കുത്തകളുടെ ഇത്തരം കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനോ, തത്തുല്യമായ വസ്തു വകകൾ കണ്ടു കെട്ടി നഷ്ടം നികത്താനോ സർക്കാർ ബാങ്കുകൾക്ക് അനുവാദം നൽകുന്നില്ല. പകരം നഷ്ടം നേരിടുന്ന ബാങ്കുകളെ ലയിപ്പിച്ച് തൽക്കാലം ഉണ്ടാവുന്ന മൂലധന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തുന്നത്. ശാശ്വത പരിഹാരമല്ല ഇപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല ബാങ്കുകളെക്കുടെ കടക്കെണിയിലേക്ക് തള്ളി വിടാനെ ഈ നടപടികൾ ഉപകരിക്കു.

പൊതുമേഖലയും പൊതുമേഖല ബാങ്കുകളും പൊളിച്ച് വിൽക്കുമ്പോൾ നമുക്ക് നഷ്ടമാവുന്നത് ഒരു സംസ്കാരവും അതു പടുത്തുയർത്തിയ തലമുറകളുടെ ജീവിതവുമാണ്. അതാണ് യാതൊരുകുറ്റബോധവുമില്ലാതെ കവർച്ച ചെയ്യപ്പെടുന്നത്.

പണ്ട് സ്വാതന്ത്രം ലഭിക്കുന്നതിന് മുൻപ് ഗാന്ധിജിയെ കാണാൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ എത്തിയപ്പോൾ ഗ്രാമവാസികളുടെ തർക്കത്തിന് മധ്യസ്ഥം വഹിച്ചിരുന്ന ഗാന്ധിയെക്കാത്ത് മണിക്കൂറുകൾ ഇരുന്ന് മുഴിഞ്ഞ അന്നത്തെ ഗവർണർ ജനർൽ മൗണ്ട് ബാറ്റൺ പ്രഭു അദ്ദേഹത്തിന്റെ അസംതൃപ്തി പ്രകടിപ്പിച്ച് ഇങ്ങിനെ പറഞ്ഞു.

” ബാപ്പുജി ഞാനി രാജ്യത്തിന്റെ ഗവർണർ ജനറൽ ആണ് അതിന് ഗാന്ധി നൽകിയ ഉത്തരം പ്രസക്തമാണ്” yes you are the governor general but this country belongs to them”(അതെ നിങ്ങൾ രാജ്യത്തിന്റെ ഗവർണർ
ജനറൽ തന്നെ പക്ഷെ ഈ രാജ്യം അത് ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങിപ്പോയവർ ഉൾപ്പടെയുള്ള സാധാരണ മനുഷ്യരുടേതാണ്.)

അതെ ഈ രാജ്യം 130 കോടി ജനതയുടേതാണെന്നും നൂറോ നൂറ്റമ്പതോ വരുന്ന ശതകോടീശ്വരൻമാരുടേതോ, അവരുടെ പണപ്പെട്ടി ക്ക് കാവലിരിന്നു കോർപ്പറേറ്റ് കടങ്ങൾ ദേശസാൽക്കരിക്കന്ന ഭരണാധികാരികളുടേതോ അല്ലെന്ന് ബോധ്യപ്പെടുത്തേണ്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതു കൊണ്ട് തന്നെ ജീവിതം ഒരു പോരാട്ടവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News