ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിർണ്ണായക ദിനം; ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിർണ്ണായക ദിനം; ബിഷപ്പിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനെ തുടർന്നുള്ള ബിഷപ്പിന്റെ മൊഴിയിലെ വിശദാംശങ്ങൾ അന്വേഷണ സംഘം വിശദമായി വിലയിരുത്തി.അതേ സമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പോലീസിന് ഇന്ന് നിയമോപദേശം ലഭിക്കും.

തുടർച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിരിക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയിൽ തങ്ങുന്ന ബിഷപ്പ് ഇന്ന് രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകും.

രണ്ട് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നൽകാൻ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം.

ഇന്നലത്തെ ചോദ്യം ചെയ്യൽ അവസാനിച്ചതിനെ തുടർന്ന് പോലീസ് 3 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് മൊഴികളിലെ വിശദാംശങ്ങൾ സമഗ്രമായി പരിശോധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ.

ഇന്നത്തോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് എസ് പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാത്രമെ അറസ്റ്റ് വേണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

അതേ സമയം ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇത് ഇന്ന് രാവിലെ ലഭിക്കുമെന്നും sp വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യലിൽ ബിഷപ്പിന് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിൽ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഇന്നത്തെ നിയമോപദേശം നിർണ്ണായകമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News