മലപ്പുറത്ത് ദേശീയ പാതയില്‍ പാചകവാതക ടാങ്കർ മറിഞ്ഞു

മലപ്പുറം ; മലപ്പുറം ചേളാരി പാണമ്പ്ര വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. നേരിയ വാതകച്ചോര്‍ച്ച ആശങ്ക പരത്തിയെങ്കിലും ഐ ഒ സിയില്‍നിന്ന് വിദഗ്ദ്ധരെത്തി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ അഞ്ച് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം. കോഴിക്കോട് തൃശൂര്‍ ദേശീയപാതയില്‍ ചേളാരിക്ക് സമീപം പാണമ്പ്ര വളവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണത്.
നേരിയ തോതില്‍ വാതകം ചോര്‍ന്നത് ആശങ്ക പരത്തി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി. പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഐ ഒ സിയില്‍നിന്ന് വിദഗ്ദ്ധരെത്തി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്.
ദേശീയപാതയില്‍ അഞ്ചുമണിക്കൂറോളം ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. എറണാകുളത്ത് നിന്ന് ചേളാരി പ്ലാന്റിലേക്ക് 14 ടണ്‍ പാചകവാതകവുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
ദേശീയ പാതയില്‍ കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ കോഹിനൂരില്‍നിന്നും തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പടിയ്ക്കലില്‍നിന്നും നീരോല്‍പ്പലം വഴി തിരിച്ചുവിട്ടു. ഫയര്‍ ഫോഴ്‌സും പോലിസും ചേര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിന് നേതൃത്വം നല്‍കിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here