കേന്ദ്രസർക്കാറിന്‍റെ മുത്തലാഖ് ഓർഡിനൻസ് പിൻവലിക്കണം; ഓർഡിനൻസിലൂടെ പുറത്തുവരുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ അജൻഡ: മഹിളാ അസോസിയേഷന്‍

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന മുത്തലാഖ് ഓർഡിനൻസ് അടിയന്തരമായി പിൻവലിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ പരിഗണനയിലുള്ള മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക‌് വിടണം. എങ്കിൽമാത്രമേ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാകൂ.

ഈ ആവശ്യം പല സംഘടനകളും ശക്തമായി മുന്നോട്ടുവച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഓർഡിനൻസ് കൊണ്ടുവന്നത് ജനാധിപത്യ പ്രക്രിയയോടുള്ള അവഹേളനമാണ്.
ഒരു സിവിൽ കുറ്റത്തെ ക്രിമിനൽവൽക്കരിക്കുന്നതിനെതിരായി ഉയർന്ന വാദങ്ങളെയെല്ലാം അവഗണിച്ചാണ് ഓർഡിനൻസ്.

ആർഎസ്എസിന്റെയും ബിജെപിയുടെയും വർഗീയ അജൻഡയാണ് ഓർഡിനൻസിലൂടെ പുറത്തുവരുന്നത്. മുത്തലാഖ് ചൊല്ലി വേർപിരിഞ്ഞതിനു പുറമെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കപ്പെട്ടതായി പരാതിയുണ്ടെങ്കിൽ ഐപിസി 498 എ വകുപ്പുപ്രകാരം നിലവിൽതന്നെ നിയമനടപടിക്ക് അവസരമുണ്ട്.

മാത്രമല്ല, മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ ജയിലിൽ അടച്ചാൽ ഭാര്യക്ക‌് ലഭിക്കേണ്ട ജീവനാംശത്തെയും മറ്റും ബാധിക്കും.
ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായി വരിക വീടും സ്വത്തവകാശങ്ങളുമാണ്.

എന്നാൽ, ജീവനാംശത്തിനായി മജിസ്ട്രേട്ട‌് കോടതിയെ സമീപിക്കാമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. സർക്കാരിന്റെ പുരുഷമേധാവിത്വ മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നത്.

ഭർത്താവിനൊപ്പം എങ്ങനെ കഴിഞ്ഞിരുന്നോ അതേ നിലവാരത്തിൽ കഴിയാൻ ആവശ്യമായ ജീവനാംശം സ്ത്രീക്കും കുട്ടികൾക്കും നൽകണമെന്ന് സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ജീവനാംശത്തിനായി കോടതിയെ സമീപിക്കാൻ പറയുന്നതിന്റെ യുക്തിയെന്താണ്. സുപ്രീംകോടതിവിധിയോടെ മുത്തലാഖിന് നിയമപരമായ സാധുതയില്ല.

ആ സാഹചര്യത്തിൽ ഏറെ തിടുക്കപ്പെട്ട് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് അനാവശ്യമാണ്‐മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here