മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം: പാർലമെന്റിനെ മറികടന്നുള്ള ഓർഡിനൻസ് ജനാധിപത്യവിരുദ്ധം: സിപിഐഎം

ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യാർഥം രൂപപ്പെടുത്തിയതാണ് മുത്തലാഖ് ഓർഡിനൻസെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരമൊരു ഓർഡിനൻസ് അംഗീകരിക്കാവുന്നതല്ല.

പാർലമെന്റ് പുതിയ നിയമം കൊണ്ടുവരേണ്ടതുണ്ട്. സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് അനാവശ്യമായ ഒന്നാണ്. മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാൾ മറ്റു പല പരിഗണനകളും വച്ചുള്ളതാണ് ഓർഡിനൻസ്. മുത്തലാഖ് ബിൽ നിലവിൽ രാജ്യസഭയുടെ പരിഗണനയിലാണ്.

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമടക്കം വിശദമായ ചർച്ച ആവശ്യമാണ്. പാർലമെന്റിനെ മറികടന്നുള്ള ഓർഡിനൻസ് ജനാധിപത്യവിരുദ്ധമാണ്.

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഇപ്പോൾ കൊണ്ടുവന്ന നിയമനിർമാണം ഒരു സിവിൽ കുറ്റത്തെ മൂന്നുവർഷം തടവ് വ്യവസ്ഥ ചെയ്തുള്ള ക്രിമിനൽ കുറ്റമായി മാറ്റുകയാണ്.

ദുരുദ്ദേശ്യപരമായ ഈ നടപടി ഒരിക്കലും ഇരയാക്കപ്പെട്ട സ്ത്രീയുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതല്ല. തിരുത്തലാവശ്യമായ മറ്റു പല പിശകുകളും ബില്ലിലുണ്ട്‐ പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here