വിജിലേഷ് കലക്കി; കൈയ്യടി നേടി വരത്തന്‍; പ്രളയത്തിന് ശേഷം മലയാള സിനിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്

‘മാസ്റ്ററേ.. എന്റെ പേര് വിജിലേഷ്. എനിക്ക് മൂന്നാല് ആളുകളെ തല്ലണം. നാലഞ്ച് മാരക അടവുകള്‍ പഠിപ്പിച്ചു തരുമോ മാസ്റ്ററേ..’ മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടേക്കാരന്‍ വിജിലേഷിനെ ആരാണ് മറന്നിട്ടുണ്ടാകുക? ഇതാ ഇപ്പോള്‍ അമല്‍ നീരദിന്റെ പുതിയ ചിത്രം വരത്തനിലൂടെയും വിജിലേഷ് എന്ന നടന്‍ ചര്‍ച്ചയാകുകയാണ്.

പ്രളയത്തിന് ശേഷം മലയാള സിനിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നാണ് മാധ്യമ പ്രവര്‍ത്തകനായ ബിജു മുത്തത്തി വരത്തനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നത് ജിതിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിജിലേഷിനാണെന്നും അദ്ദേഹം എഴുതുന്നു.

ബിജു മുത്തത്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘പ്രളയത്തിന് ശേഷം മലയാള സിനിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായി വരത്തന്‍. മലയാളിയുടെ സദാചാര ഞരമ്പ് രോഗ ജീവിതമാണ് വില്ലന്‍. ഫഹദ് ഫാസിലിന്റെ ഹീറോയിസം അതിനെതിരെയാണ്. അതു കൊണ്ട് തീയറ്ററുകള്‍ക്കുളളിലെ കൈയ്യടികള്‍ക്ക് നല്ല തിരിച്ചറിവിന്റെ മുഴക്കമുണ്ട്. സിനിമയിലെ ജിതിന്‍ എന്ന കഥാപാത്രത്തിനാണ് നൂറില്‍ നൂറ് മാര്‍ക്ക്.

സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി. അറപ്പിന്റെ അങ്ങേയറ്റം അനുഭവപ്പെടുത്തും. മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടേക്കാരനായ വിജിലേഷ്. അസാധ്യഭിനയം. വീട്ടില്‍ പെണ്‍കുട്ടികളുള്ളവര്‍ക്കെല്ലാം ഇയാള്‍ സുപരിചിതനായിരിക്കും. ഞെരമ്പ് രോഗത്തിന്റെ രാഷ്ട്രീയം സിനിമ തേടുന്നില്ല.

സംസ്‌കാര സംരക്ഷണത്തിന്റെ കാവി രാഷ്ട്രീയമാണ് പ്രഭവ കേന്ദ്രമെന്ന് കൊച്ചുപ്രേമന്‍ ഉലര്‍ത്തിപ്പിടിച്ച പത്രത്തിലെ ഒരു വാര്‍ത്ത കൊണ്ട് സൂചനകള്‍ തരുന്നുണ്ടെന്നല്ലാതെ, സിനിമ പോകുന്നത് വേറെ വഴിക്കാണ്. സമകാലികമായ ചില സംഭവങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ വരത്തന്‍ നമുക്ക് പ്രിയപ്പെടും.

സിനിമക്കു വേണ്ടിയുള്ള ത്രില്ലന്‍ ക്ലൈമാക്‌സുകളും ക്ലൈമാസായി സഹിക്കപ്പെടും. മലയോര കുടിയേറ്റ ക്രൈസ്തവ മനുഷ്യര്‍ എവിടെയോ പ്രതിസ്ഥാനത്തായത് പോലെ തോന്നപ്പെടും. കുറ്റം പറയാനാവില്ല. ആ പശ്ചാത്തലം അമല്‍ നീരദിന്റെ ഒബ്‌സഷനാണല്ലോ.

മലയാളികളിലെ ഏറ്റവും ലിബറല്‍ പരിഷ്‌കൃത സെക്കുലറായ ആ വിഭാഗത്തിലൊന്നുമല്ലല്ലോ നമ്മള്‍ കണ്മുന്നില്‍ക്കണ്ട വലിയ ദുരാചാര സംഘര്‍ഷം സംഭവിച്ചിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. അതു കൊണ്ട് കഥയിലെ ചോദ്യങ്ങള്‍ കൊണ്ട് സിനിമയിലെ ആകപ്പാടെയുള്ള ഭംഗികളെ ചോര്‍ത്തുന്നില്ല.

ക്യാമറ സിനിമയുടെ മൂഡിനെ, വേഗങ്ങളെ, മുഹുര്‍ത്തങ്ങളെ തീവ്രമാക്കുന്നു. ദൃശ്യങ്ങള്‍ കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കുന്നു. സാങ്കേതികതയും സംഭവമായി. അമല്‍ നീരദ് സ്വന്തം ശൈലിയെ തളര്‍ത്താതെ പുതുക്കുന്നു; സ്ലോ മോഷനുള്‍പ്പെടെ. വളരെ നല്ലത്. സിനിമ ഓടിക്കഴിഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്ന് പറയുന്നത്, ഇത് നമുക്കിപ്പോള്‍ അടിയന്തരാവശ്യമുള്ള സിനിമയാണെന്നത് കൊണ്ടാണ്.

നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും, നമ്മുടെ തന്നെ പ്രണയ സ്‌നേഹ ജീവിതങ്ങള്‍ക്കും വേണ്ടിയുള്ള ഉയര്‍ത്തിപ്പിടിച്ച പരിചയാണ് ശരിക്കും വരത്തന്‍. സിനിമയിലെ വരത്തത്വത്തിന്റെ മറ്റ് വായനകള്‍ വേറെ വിഷയമാണ്. മലയാളിയുടെ കടിയേറ്റ ചരിത്രത്തിന്റെ പല അടരുകളുള്ള ആ വായന പിന്നീടാവാം..

നന്നായി അമല്‍ നീരദ്. പ്രത്യേകം നന്നായി ജിതിന്‍ വിജിലേഷ് .’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News