കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ അറസ്റ്റില്‍; അറസ്റ്റ് തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യംചെയ്യലിന് ശേഷം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍.

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ നടന്ന തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യംചെയ്യലിന് ശേഷമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.

കോട്ടയം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത വിവരം കേരള പൊലീസ്, പഞ്ചാബ് പൊലീസിനെ അറിയിച്ചു.

കേസില്‍ ഫ്രാങ്കോ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നത്.

മൂന്നുദിവസത്തെ ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.

സംഭവം നടന്നതായി കന്യാസ്ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.

പല ചോദ്യങ്ങള്‍ക്കും മുമ്പില്‍ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ് അന്വേഷണസംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഇതും ബിഷപ്പിനെ കുഴപ്പിച്ചു. ആദ്യദിവസത്തെ ചോദ്യങ്ങളും മറുപടിയും റേഞ്ച് ഐജി വിജയ് സാഖറേ, കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്ന് വിശകലനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News