നീതി നിഷേധിച്ചാല്‍ ‘മഹാഭാരതം’ ആവര്‍ത്തിക്കും; അമിത്ഷായെയും രാജ്നാഥ് സിംഗിനെയും വേദിയിലിരുത്തി ആര്‍എസ്എസ് തലവന്‍റെ പരസ്യ ഭീഷണി

ആര്‍എസ്എസിന്‍റെയും ബിജെപിയുടെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളില്‍ പ്രദാനമാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടത്.

എന്നാല്‍ അടുത്ത കാലത്തായി ബിജെപി ഈ തീരുമാനത്തെയും ആവശ്യത്തെയും മയപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്.

അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ അയോധ്യ വിഷയത്തെ മയപ്പെടുത്തി അവതരിപ്പിക്കാനുള്ള കണക്കു കൂട്ടലിലാണ് ബിജെപി.

എന്നാല്‍ ഈ നീക്കത്തിനെതിരെ അയോധ്യ വിഷയത്തില്‍ ആര്‍എസ്എസ്, ബിജെപിയുമായി ഇടയുന്നു. തീരുമാനത്തില്‍ വെള്ളം ചേര്‍ത്താല്‍ ബിജെപി വലിയ വിലനല്‍കേണ്ടിവരുമെന്നതാണ് ആര്‍എസ്എസ് നല്‍കുന്ന സൂചന.

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ അയോധ്യ വിഷയമുയര്‍ത്തി ബിജെപിയുമായി പരസ്യ അങ്കത്തിനിറങ്ങുകയാണ് ആര്‍എസ്എസ്.

അയോധ്യയില്‍ നീതി നിഷേധിച്ചാല്‍ ‘മഹാഭാരതം’ ആവര്‍ത്തിക്കുന്നതിന് കളം ഒരുങ്ങുമെന്നാണ് മോഹന്‍ ഭാഗവതിന്‍റെ ഭീഷണി.

അയോധ്യയെ കുറിച്ച് ഹേമന്ദ് ശര്‍മ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ സാക്ഷിയാക്കിയാണ് മോഹന്‍ ഭാഗവത് നിലപാട് വ്യക്തമാക്കിയത്.

14 വര്‍ഷം മാത്രമാണ് രാമന്‍റെ വനവാസം നീണ്ടു നിന്നത്. പക്ഷേ അയോധ്യയില്‍ വനവാസം 500 വര്‍ഷത്തിന് ശേഷവും തുടരുകയാണ്.

എത്രയും വേഗം അയോധ്യയില്‍ നീതി നടപ്പാക്കണം.ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ അവിടെ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണം. അല്ലാത്തപക്ഷം അക്രമം ഉണ്ടാകുന്നതിന് സാധ്യതയുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

പലപ്പോഴും അഹങ്കാരം കാരണം സത്യവും നീതിയും നടപ്പാക്കുന്നില്ല. അത്തരം സാഹചര്യങ്ങളിലാണ് ‘മഹാഭാരതം’ സംഭവിക്കുക.

അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ അത് സംഭവിക്കുന്നു. അതിനെ തടയുന്നതിന് ആര്‍ക്കാണ് സാധിക്കുകയെന്നും ഭാഗവത് പറഞ്ഞു.

നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടിയുള്ള ആവശ്യം മോഹന്‍ ഭാഗവത് ഉന്നിയിച്ചിരുന്നു.

യുപിയിലും കേന്ദ്രത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് അയോധ്യ വിഷയം ഉയര്‍ത്തി ആര്‍എസ്എസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here