കാശ്മീര്‍ അതിര്‍ത്തിയിലെ ജവാന്‍റെ കൊലപാതകം: പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി

പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി.കാശ്മീരില്‍ 3 പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.

നേരത്തെ യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ സുഷമ സ്വരാജ് പാക് വിദേശ കാര്യമാന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ തീരുമാനത്തില്‍ പാക്കിസ്ഥാന്‍ അഭിപ്രായം അറിയിച്ചിട്ടില്ല.

പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചതിന് പിന്നാലെയാണ് ഷോപ്പിയാനില്‍ മൂന്ന് പൊലീസുകാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഇതോടെയാണ് നേരത്തെ നിശ്ചയിച്ച ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്.ഈ മാസം അവസാനം ചര്‍ച്ചയാകാമെന്നായിരുന്നു ഇരു രാജ്യങ്ങളുടെയും ധാരണ.

ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിക്കിടെ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും, പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ചര്‍ച്ച നടത്തുമെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ചയില്‍ നിന്നുള്ള പിന്‍മാറ്റം.കൂടിക്കാഴ്ച റദ്ദായതോടെ ഭീകരവാദത്തിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്ന വാദം ഇന്ത്യ യുഎന്‍ ജനറല്‍ അംസംബ്ലിയില്‍ വീണ്ടുമുന്നയിക്കുമെന്നുറപ്പായി.

അതേ സമയം പാക്കിസ്ഥാനാകട്ടെ കശ്മീര്‍ വിഷയം ഉയര്‍ത്തി ഇതിനെ പ്രതിരോധിക്കാനും ഇടയുണ്ട്.

നേരത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ഖാന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനുള്ള മറുപടിയിലാണ് ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതായിരുന്നു ഇരു രാജ്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സമാധാന ചര്‍ച്ചയുടെ സാധ്യത ഇല്ലാതായതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കാനുള്ള സാധ്യതകളുമേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News