കോട്ടയം: കന്യാസ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഫ്രാങ്കോയുടെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി വിധി പറയാന്‍ മാറ്റി.

കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ രക്തസാമ്പിളും ഉമിനീരും ബലമായി പരിശോധനക്ക് എടുക്കരുതെന്നും ഫ്രാങ്കോയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12:30 ഓടുകൂടിയാണ് കോട്ടയം പൊലീസ് ക്ലബ്ബില്‍ നിന്നും അന്വേഷണ സംഘം ഫ്രാങ്കോയുമായി കോടതിയിലേക്ക് പുറപ്പെട്ടത്.

കോടതിയില്‍ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു.

ഇന്നലെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോട്ടയത്തേക്ക് കൊണ്ടുവരുന്ന വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ബിഷപ്പിന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടയില്‍ ഹാജരാക്കാന്‍ പൊലീസ് തീരുമാനിച്ചത്.