ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതോടെ കൊച്ചിയിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സമരം അവസാനിപ്പിക്കുന്നു.

ബിഷപ്പിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതോടെയാണ് കഴിഞ്ഞ രണ്ടാഴ്ച നീണ്ടു നിന്ന സമരം കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽ ഇന്ന് അവസാനിപ്പിക്കുന്നത്.

ഇതോടൊപ്പം നടത്തിവന്ന നിരാഹാര സമരം ഇന്നലെ തന്നെ പ്രതിഷേധക്കാർ അവസാനിപ്പിച്ചിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 8 നാണ് ഹൈക്കോടതി ജംങ്ക്ഷനിലെ വഞ്ചി സ്ക്വയറിൽ സമരമാരംഭിച്ചത്.

ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സത്യാഗ്രഹം തുടങ്ങിയത്‌.രണ്ടാം ദിനം മുതൽ കുറവിലങ്ങാട് മoത്തിലെ കന്യാസ്ത്രീകളും സമരത്തിൽ പങ്കു ചേർന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ രംഗത്തുള്ളവർ സമരപ്പന്തലിലെത്തി.

ഇതിനിടെ ബിഷപ്പിനെ ചുമതലയിൽ നിന്ന് മാറ്റിക്കൊണ്ട് വത്തിക്കാനിൽ നിന്ന് അറിയിപ്പ് വന്നതോടെ സമരപ്പന്തലിലുള്ളവർ ആഹ്ലാദം പ്രകടിപ്പിച്ചു.

എന്നാൽ ബിഷപ്പിന്റെ അറസ്റ്റ് വരെ സമരം തുടരും എന്ന നിലപാടിലായിരുന്നു കന്യാസ്ത്രീകൾ. ഒടുവിൽ 3 ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പ് ഫ്രാങ്കോ യുടെ അറസ്റ്റ് രേഖപ്പെടുത്താൻ പോകുന്നു എന്നറിഞ്ഞതോടെ സമരപ്പന്തൽ ഹർഷാരവത്തിലായി. ബിഷപ്പിന്റെ അറസ്റ്റിൽ കന്യാസ്ത്രീകളും സന്തോഷം രേഖപ്പെടുത്തി.

വൈകീട്ടോടെ കുറവിലങ്ങാട് മഠത്തിലേയ്ക്ക് പോയ കന്യാസ്ത്രീകൾ രാവിലെ വീണ്ടും സമരപ്പന്തലിലെത്തും.

തുടർന്ന് സമരം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേ സമയം സമരപ്പന്തലിൽ നടത്തിവന്ന നിരാഹാര സമരം ബിഷപ്പിനെ അറസ്റ്റ് ചെയ്തതോടെ അവസാനിപ്പിച്ചിരുന്നു.