ക്യാമറക്കണ്ണുകളില്‍ തെളിഞ്ഞ മുംബൈ നഗരത്തിന്‍റെ അസമത്വത്തിന്‍റെ കാ‍ഴ്ച

വിദേശ ഫോട്ടോഗ്രാഫർ ജോണി മില്ലർ ആണ് മുംബൈ നഗരത്തിലെ പ്രകടമായ അസമത്വത്തിന്‍റെ നേർക്കാഴ്ച ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുത്തത്.

ഡ്രോൺ ക്യാമറ ഉപയോഗിച്ചെടുത്ത ആകാശക്കാഴ്ചയിലാണ് മലബാർ ഹില്ലിലെ സമ്പന്ന വർഗ്ഗത്തിന്റെ അംബരചുംബികളായ താമസ സമുച്ചയത്തിനടുത്തായി തൊട്ടുരുമ്മി കിടക്കുന്ന ധാരാവിയിലെ ചേരികളും ദൃശ്യമൊരുക്കുന്നത്.

മഹാനഗരിയുടെ അപശകുനം പോലെ കിടക്കുന്ന ധാരാവിയും നഗരത്തിന്റെ ഐശ്വര്യമായി പ്രകീർത്തിക്കുന്ന മലബാർ ഹില്ലും മുംബൈയുടെ ഹൃദയഭാഗത്താണെന്നതാണ് നഗരത്തിന്റെ മറ്റൊരു പ്രത്യേകത.

സൂര്യനസ്തമിക്കാത്ത നഗരമായ മുംബൈയിൽ സമ്പന്നമാർക്കിടയിൽ തന്നെ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ പതിവ് കാഴ്ചകളാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിൽ ഏകദേശം പത്തു ലക്ഷത്തിലധികം ജനങ്ങൾ തിങ്ങി പാർക്കുന്നതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിൽ വലിയൊരു വിഭാഗം തമിഴ് വംശജരാണ്. ഗുജറാത്തികളും മലയാളികളുമടങ്ങുന്ന വലിയൊരു വിഭാഗം സ്വയം തൊഴിൽ ചെയ്തു ജീവിക്കുന്ന ധാരാവിയെ കുറിച്ച് അധികമാർക്കും അറിയില്ല.

ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ മോഹൻലാൽ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചെന്ന് പറയുന്ന ധാരാവിയെ കുറിച്ചുള്ള നിറം പിടിച്ച കഥകളെല്ലാം വിറ്റഴിച്ചത് സിനിമക്കാരാണ്.

എന്നാൽ പിടിച്ചു പറിയും, അധോലോകവും, കൊല്ലും കൊലയും പ്രതീക്ഷിച്ചു ചെല്ലുന്നവരുടെ നെറ്റി ചുളിയുന്ന കാഴ്ചകളാണ് ധാരാവിയിലെത്തിയാൽ കാണുവാൻ കഴിയുക.

ദാരിദ്രകാഴ്ചകൾക്കിടയിലും ധാരാവിയിലെ അദ്ധ്വാനിക്കുന്ന ജന വിഭാഗം ആരെയും അതിശയിപ്പിക്കും.

സിനിമകളിൽ കണ്ടു മറന്ന ധാരാവിയാണോ യഥാര്‍ത്ഥ ധാരാവിയെന്ന് അറിയണമെങ്കില്‍ ധാരാവിയിലൂടെ യാത്ര ചെയ്യണം.

പ്രാഥമിക സൌകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട, തമസ്കരിക്കപ്പെട്ട ഒരു ജന സമൂഹത്തിനെ അടുത്തറിയുമ്പോൾ കേട്ടറിഞ്ഞ കഥകളെല്ലാം നിറം പിടിപ്പിച്ച ഊഹാപോഹങ്ങൾ മാത്രമാകും.

അണ്ടർ വേൾഡ് അണ്ടർ വേൾഡ് എന്ന് സിനിമാ ലോകത്തെ സ്വപ്ന വ്യാപാരികൾ നീട്ടി പാടി നടന്നിരുന്ന ധാരാവിയിൽ അധോലോകത്തിനപ്പുറം കഠിനാദ്ധ്വാനം ചെയ്തു ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളെ കാണാനാകും.

കുടിൽ വ്യവസായം പോലെ ലെതർ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ നഗരത്തിലെ പ്രധാന കയറ്റുമതി സങ്കേതമാണ് ധാരാവി.

ഇവിടെ നിന്ന് ലോകോത്തര നിലവാരമുള്ള ലെതർ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നതെന്നാണ് വർങ്ങളായി ധാരാവിയിൽ ലെതർ വ്യവസായം ചെയ്യുന്ന സുഭാഷ് മേനോൻ പറയുന്നു.

കച്ചവടക്കാരെ സംബന്ധിച്ച് ചുരുങ്ങിയ ചിലവിൽ നൈപുണ്യമുള്ള തൊഴിലാളികളെ ലഭിക്കുന്ന ഇടം കൂടിയാണ് ധാരാവി.

ധാരാവിയിൽ 15000 ഒറ്റമുറികളിലായി പ്രവർത്തിക്കുന്ന ഫാക്ടറികളിൽ നിന്ന് കളിമൺ പത്രങ്ങൾ മുതൽ സോപ്പ്, മെഴുകുതിരി, റെഡിമേഡ് വസ്ത്രങ്ങൾ ലെതർ ഉപകരണങ്ങൾ തുടങ്ങി ലിസ്റ്റുകളുടെ എണ്ണം അവസാനിക്കാത്തതാണ്.

പാഴ്‌വസ്‌തുക്കളില്‍ നിന്ന്‌ പുനരുത്‌പാദനം നടത്തുന്ന മേഖലയിൽ തന്നെ രണ്ടര ലക്ഷത്തോളം പേരാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്.

മുംബൈ നഗരത്തിലെ 80 ശതമാനത്തോളം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുത്പാതണം നടത്തുന്നതും ധാരാവിയിലാണ്.

സൂപ്പർ മാർക്കറ്റുകളിൽ കാണുന്ന പല ഫാഷൻ തുണിത്തരങ്ങളുടെയും കരകൗശലങ്ങൾക്ക് പിന്നിൽ ധാരാവിയിലെ ഒറ്റമുറികളാണ്.

കയറ്റു മതിയിലൂടെ നാടിനു കണക്കില്ലാത്ത വിദേശ നാണ്യം നേടി കൊടുക്കുന്ന ധാരാവിയെ കുറിച്ച് അധികമാരും തിരക്കാറില്ല.

സമൂഹം ചാർത്തി കൊടുത്ത ക്രൂരതയുടെയും ഭീതിയുടെയും പൊയ്മുഖം അണിഞ്ഞ് നില്‍ക്കുന്ന ധാരാവിയുടെ കർമ്മഭൂമികയിൽ രാപ്പകൽ അധ്വാനിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ പൂവണിയാത്ത സ്വപ്നങ്ങളും , അടക്കി പിടിച്ച തേങ്ങലുകളും സിനിമാകഥകൾക്ക് പോലും വേണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News