കേരളത്തിന് വേണ്ടി കൈകോര്‍ത്ത് കലാലോകം. പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് സഹായഹസ്തവുമായി രാജ്യത്തെ മുന്‍നിര ചിത്രകാരന്‍മാര്‍ തങ്ങളുടെ സൃഷ്ട്ടികള്‍ വില്‍ക്കുന്നു.

ദില്ലി നാഷണല്‍ ആര്‍ട്ട് ഗാലറില്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ആരംഭിച്ചു. പ്രമുഖ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ സമ്മാനമായി നല്‍കിയ ചിത്രവും കേരളത്തിനായി പ്രമുഖ കലാനിരൂപക ഉമാ നായര്‍ ആര്‍ട് ഗാലറി അധികൃതര്‍ക്ക് കൈമാറി.

ദില്ലി നാഷണല്‍ ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശന ഹാളിലെ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ നവകേരളത്തിന്റെ പുതുമയുണ്ട്.വരയുടെ മനോഹാരിതയില്‍ വിരിയുന്ന ചിത്രങ്ങളെല്ലാം കേരളത്തിലേയ്ക്ക് നീളുന്ന സഹായ ഹസ്തങ്ങളാണ്.

പ്രമുഖ ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ ഗജഗാമിനി സിനിമയുമായി ബന്ധപ്പെട്ട് കലാനിരൂപകയായ ഉമാ നായര്‍ക്ക് സമ്മാനിച്ച ചിത്രം മുതല്‍ എ.രാമചന്ദ്രന്‍,അര്‍പണ കൗര്‍,ജതിന്‍ദാസ്, മനുപരേഖ്,ജഗന്‍ ചൗധരി തുടങ്ങി ചിത്രകലാരംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്നവരുടെയെല്ലാം കലാസൃഷ്ടികള്‍ വില്‍പ്പനയ്ക്കായി ഉണ്ട്.

ഇതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും.ആര്‍ട് ഗാലറി ഡയറക്ടര്‍ ജനറല്‍ അദ്വൈത ഗഡ്‌നായിക്കായിരുന്നു ചിത്രങ്ങളിലൂടെ കേരളത്തിന് സഹായമെന്ന് ആശയത്തിന് പിന്നില്‍.

ഇതാദ്യമായാണ് പ്രളയ ദുരന്തസഹായത്തിനായി ദേശിയ ആര്‍ട് ഗാലറി ചിത്രപ്രദര്‍ശനം നടത്തുന്നത്. സര്‍ക്കാര്‍ നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ മാറ്റ് വച്ച് ആര്‍ട് ഗാലറി അധികൃതര്‍ കൈകോര്‍ത്തപ്പോള്‍ ദിവസങ്ങള്‍ മാത്രം നീണ്ട പ്രയത്‌നത്തിലൂടെ പ്രദര്‍ശനം യാഥാര്‍ത്ഥ്യമായി.