വടകരയില്‍ ഭീതി പടര്‍ത്തി പശുക്കളില്‍ പേവിഷ ബാധ; അജ്ഞാത ജീവിയെന്ന് സംശയം

വടകര മന്തരത്തൂരില്‍ ഭീതി പടര്‍ത്തി പശുക്കളില്‍ പേവിഷ ബാധ. ഇതിനകം 13 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി, 3 എണ്ണം നിരീക്ഷണത്തില്‍ കഴിയുന്നു. പേ വിഷബാധയ്ക്ക് പിന്നില്‍ അജ്ഞാത ജീവിയെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് പ്രത്യേക കൂട് സ്ഥാപിച്ചു.

വടകര മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരിലാണ് പേ വിഷ ബാധയേറ്റ് പശുക്കള്‍ ചാവുന്നത്. ഒരാഴ്ചക്കിടെ 13 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായതോടെ ക്ഷീര കര്‍ഷകരും പ്രദേശവാസികളും ഭീതിയിലാണ്. പേ ലക്ഷണങ്ങളോടെ 3 പശുക്കള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ഇവിടങ്ങളിലെ ഇടവഴികളില്‍ അജ്ഞാത ജീവിയുടെ കാല്‍പാദത്തിന് സാമ്യമുളള അടയാളങ്ങള്‍ വനം വകുപ്പ് പരിശോധനയില്‍ കണ്ടെത്തി, തുടര്‍ന്ന് പ്രത്യേക കൂടും സ്ഥാപിച്ചു. വലിയ മുതല്‍ മുടക്കുളള പശുക്കള്‍ ചത്തതോടെ ക്ഷീര കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്

കൂടുതല്‍ പശുക്കള്‍ ചത്ത സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

പ്രദേശത്ത് മുഴുവന്‍ കന്നുകാലികള്‍ക്കും ആന്റി റാബിസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതോടെ അജ്ഞാത ജീവിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News