തീവ്രവലതുപക്ഷശക്തികളും തീവ്രഇടതുപക്ഷക്കാരുംതമ്മിൽ നിലനിൽക്കുന്ന എക്കാലത്തെയും പരസ്പരസഹായത്തിന്റെ ഉദാഹരണമായിരുന്നു ആ അരുംകൊല – അഴീക്കോടൻ രക്തസാക്ഷിത്വദിനത്തിൽ കോടിയേരിയുടെ അനുസ്മരണം

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വം വരിച്ചിട്ട് നാൽപ്പത്താറ് വർഷങ്ങൾ പിന്നിടുകയാണ്. കേരളചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യക്കായിരുന്നു അന്ന് തൃശൂർ സാക്ഷ്യം വഹിച്ചത്. കേരളത്തിലെ അക്കാലത്തെ ഏറ്റവും അറിയപ്പെടുന്ന ബഹുജനനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. സഖാവിന്റെ കൊലപാതകവാർത്തകേട്ട് കേരളമാകെ അമ്പരന്നുപോയിരുന്നു.

ഒരു രാഷ്ട്രീയസംഘർഷത്തിന്റെയും ഭാഗമായിട്ടായിരുന്നില്ല സഖാവ് കൊലചെയ്യപ്പെടുന്നത്. പാർടി പരിപാടിയിൽ പങ്കെടുക്കാനായി തൃശൂരിലെത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണംചെയ്ത കൊലപാതകമായിരുന്നു അത്.

തീവ്രവലതുപക്ഷ ശക്തികളും തീവ്രഇടതുപക്ഷക്കാരുംതമ്മിൽ നിലനിൽക്കുന്ന എക്കാലത്തെയും പരസ്പരസഹായത്തിന്റെ ഉദാഹരണമായിരുന്നു ഈ സംഭവം. അക്കാലത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയോടെയുമാണ് കൊലപാതകാസൂത്രണം നടന്നത്.

1972 സെപ‌്തംബർ 23ന് രാത്രിയായിരുന്നു തൃശൂരിനെ ചോരക്കളമാക്കിയ കിരാതകൃത്യം നടന്നത്. ആസമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു സഖാവ് അഴീക്കോടൻ. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായിരുന്നു അന്ന് കേരളത്തിൽ അധികാരത്തിലിരുന്നത്. സിപിഐ എമ്മിനെ തകർക്കുകയെന്നത് അന്നത്തെ സർക്കാരിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും അജൻഡയിലെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. അതിന്റെ ഭാഗമായാണ് അഴീക്കോടനെ ലക്ഷ്യംവച്ച് കൊലപ്പെടുത്തുന്നത്.

സാധാരണ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടൻ ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കി ബസാറിനടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ തൊഴിൽചെയ്യാൻ നിർബന്ധിതനാക്കപ്പെട്ടു. കണ്ണൂർ മേഖലയിൽ അക്കാലത്ത് വ്യാപകമായിരുന്ന ബീഡി മേഖലയിലാണ് തൊഴിലാളിയായത്. ഇതോടെ തൊഴിലാളി യൂണിയൻ പ്രവർത്തനരംഗത്ത് സജീവമായി. അതിലൂടെ പാർടി സംഘടനാരംഗത്തേക്കും ഉയർന്നുവന്നു. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി.

1951ൽ മലബാർ കമ്മിറ്റിയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി. സംഘർഷഭരിതമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ– ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണിരാഷ്ട്രീയം കൈകാര്യംചെയ്യുന്നതിൽ അസാമാന്യപാടവമാണ് പ്രകടിപ്പിച്ചിരുന്നത്.

കേരളത്തിലെ നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധിനിറഞ്ഞ രാഷ്ട്രീയപ്രശ്നങ്ങൾ മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് മുതൽക്കൂട്ടായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ അക്രമങ്ങൾക്ക് നിരവധിതവണ അദ്ദേഹം വിധേയനാകുകയുണ്ടായി. എന്നാൽ, അതിലൊന്നും അശേഷം പതറാതെതന്നെ രാഷ്ട്രീയപ്രവർത്തനം മുന്നോട്ട് കൊണ്ടുപോയി. വിവിധകാലങ്ങളിലായി നിരവധിപ്രാവശ്യം ജയിലിലടയ‌്ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകുകയുംചെയ‌്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും ജയിൽവാസം ഏറ്റുവാങ്ങേണ്ടിവന്നു.

വിവിധ കാലങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്സിസ്റ്റ‌് നിലപാടെടുക്കാൻ കഴിഞ്ഞിരുന്നു. പ്രായോഗികപ്രവർത്തനങ്ങളിലൂടെ ആർജിച്ച വിജ്ഞാനം ഇതിന‌് സഹായകമായി. റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടി. അതുവഴി ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറകളിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

അതിലൊന്നാണ‌് സഹകരണമേഖല. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിലൊന്നായ കണ്ണൂർ കോ–ഓപ്പറേറ്റീവ് പ്രസ‌് സ്ഥാപിതമായത് അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു. അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലയിലും കമ്യൂണിസ്റ്റ് പ്രതിബദ്ധതയോടെ അഴീക്കോടൻ ഇടപെട്ടിരുന്നു.

ആർഎസ‌്എസിനാൽ നയിക്കപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ സമരവേലിയേറ്റത്തിന്റെ ഘട്ടത്തിലാണ് ഇത്തവണ സഖാവ് അഴീക്കോടൻ ദിനാചരണം സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാർ ആഗോളവൽക്കരണ സാമ്പത്തികനയങ്ങൾക്കൊപ്പം ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ അജൻഡയും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കാർഷികമേഖലയിലുണ്ടായ തകർച്ച കാരണം കർഷകർ ദുരിതപൂർണമായ ജീവിതം നയിക്കേണ്ടിവന്നിരിക്കുന്നു.

കർഷക ആത്മഹത്യകൾ ദിനംപ്രതിയെന്നോണം വർധിക്കുന്നു. കാർഷികമേഖലയിൽനിന്ന‌് നഗരമേഖലകളിലേക്ക് തൊഴിൽരഹിതരുടെ കുടിയേറ്റം വർധിച്ചുവരികയാണ‌്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന വാഗ്ദാനം നൽകിയാണ് ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ, അത് നടപ്പാക്കിയില്ലെന്ന് മാത്രമല്ല കാർഷികവിളകളുടെ വിലത്തകർച്ചയുടെ വേളയിൽ ഇടപെടാതെ കോർപറേറ്റ് ശക്തികളെ സഹായിക്കുകയാണ്.

പൊതുമേഖലാ വ്യവസായങ്ങൾ അടച്ചുപൂട്ടപ്പെടുകയും അവയിലെ തൊഴിലാളികൾ തൊഴിൽ രഹിതരാകുകയും ചെയ്യുകയാണ‌്. യുവജനങ്ങൾക്ക് കൂടുതലായി തൊഴിലവസരം ഉണ്ടാക്കുമെന്ന വാഗ്ദാനം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന ഇനമായിരുന്നു. എന്നാൽ, സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ വൻ വെട്ടിക്കുറവാണ് നരേന്ദ്ര മോഡി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് അതു സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രതികരണം.

രൂപയുടെ മൂല്യം ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത നിലയിൽ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്കാണ‌് ഇത‌് വിരൽചൂണ്ടുന്നത്. നിത്യോപയോഗസാധനങ്ങളുടെ വിലവർധന തുടരുകയാണ്. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും ഇന്ത്യയിൽ എണ്ണവില കുതിച്ചുയരുകയാണ്. എൽപിജി വിലയും വർധിച്ചുകൊണ്ടിരിക്കുകയാണ്. വൻകിട കുത്തക കമ്പനികളുടെ താൽപ്പര്യമാണ് കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ‌് നടപ്പാക്കിയ അതേ സാമ്പത്തികനയമാണ് ബിജെപിയും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

കേന്ദ്രനയത്തിനെതിരെ കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള ജനങ്ങളുടെ ഡൽഹി പ്രക്ഷോഭം ചരിത്രത്തിലെ ഉജ്വലമായ അധ്യായമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ജനവിരുദ്ധ നയങ്ങൾക്കെതിരായി ഏറിയുംകുറഞ്ഞും സമരങ്ങൾ നടന്നുവരികയാണ്. യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സമരങ്ങളും അതിനൊപ്പം വളർന്നുവരുന്നുണ്ട്. ജെഎൻയുവിൽ എബിവിപിക്കുണ്ടായ പരാജയം വർഗീയവിപത്തിനെതിരായ വിദ്യാർഥികൂട്ടായ്മയുടെ വിജയമായിരുന്നു. ബാങ്കിങ‌് മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പുകളും വിവിധ പൊതുമേഖലാസ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനായുള്ള സമരങ്ങളും ശക്തിപ്പെട്ടുവരുന്നത് കേന്ദ്രസർക്കാരിനെതിരായ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തും.

സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും കേന്ദ്രത്തിനെതിരായി ജനപക്ഷ ബദലുമായാണ് പ്രവർത്തിക്കുന്നത്. ജനക്ഷേമത്തിലൂന്നിക്കൊണ്ടുള്ള ഭരണനടപടികളാണതിന്റെ കാതൽ. കേരളത്തിലെ എൽഡിഎഫ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും അതുബോധ്യമാകും. വിദ്യാഭ്യാസ, ആരോഗ്യമേഖലകൾ അതിൽ പ്രധാനമാണ്. എല്ലാവർക്കും സൗജന്യവിദ്യാഭ്യാസം നൽകാനും രോഗചികിത്സ ഉറപ്പുവരുത്താനുമായി പ്രത്യേക മിഷൻതന്നെ സംസ്ഥാന സർക്കാർ ആരംഭിക്കുകയുണ്ടായി. എന്നാൽ, കേരളതാൽപ്പര്യത്തെ ഹനിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ സമീപനം.

പ്രളയദുരിതാശ്വാസത്തിനായി അവശ്യസഹായം തരാതെയും വിദേശസഹായത്തിന് തടസ്സംനിന്നതുമൊക്കെ രാജ്യം കണ്ടതാണ്. എന്നാൽ, കേന്ദ്രസർക്കാരിന് കുത്തകമുതലാളിമാർ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ പിന്തുണയോടെ അവരുടെ കൊള്ളരുതായ‌്മകൾ കുറെയൊക്കെ മറച്ചുപിടിക്കാൻ സാധിക്കുന്നുണ്ട്. ബിജെപിയെയും അവർ നേതൃത്വം നൽകുന്ന സർക്കാരിനെയും തുറന്നുകാട്ടണമെങ്കിൽ ജനകീയമാധ്യമങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണം.
തൊഴിലാളിവർഗ പാർടിക്ക് സ്വന്തമായുണ്ടാകേണ്ടുന്ന മാധ്യമത്തിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയ ആളായിരുന്നു സഖാവ് അഴീക്കോടൻ. അദ്ദേഹം 1969ൽ ദേശാഭിമാനി പ്രിന്റിങ‌് ആൻഡ‌് പബ്ലിഷിങ‌് കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ഒരു ബഹുജനപത്രമാക്കി മാറ്റുന്നതിന് അക്കാലത്ത് നടന്ന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സവിശേഷമായ ഇടപെടലുണ്ടായിരുന്നു.

രാഷ്ട്രീയ എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു. മൂലധനശക്തികൾ നിയന്ത്രിക്കുന്ന ലോകക്രമത്തിൽ സ്വന്തമായൊരു പത്രമില്ലെങ്കിൽ വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അഴീക്കോടൻ നിരവധി തവണ ഓർമപ്പെടുത്തിയിട്ടുണ്ട്. സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വദിനത്തിലാണ് ഈ വർഷത്തെ ദേശാഭിമാനി പത്രപ്രചാരണപ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള സഖാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News