പരാതിപരിഹാരം: ജനകീയ മുഖവുമായി വനിതാ കമ്മീഷന്‍

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജനകീയ മുഖവുമായി ജനങ്ങളുടെ ഇടയിലേക്ക് നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുകയാണ് വനിതാ കമ്മീഷന്റെ ദൗത്യമെന്ന് കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അംഗം.

പശുവിനെ വളര്‍ത്തലിനെതിരെ സമീപവാസികള്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന കുറ്റൂര്‍ സ്വദേശിനിയുടെ പരാതി കമ്മീഷന്‍ പരിഗണിച്ചു. പരാതിയുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോള്‍ പ്രളയബാധിത മേഖലയായിരുന്ന ഈ പ്രദേശത്ത് മാലിന്യങ്ങള്‍ പുറംതള്ളുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിനാല്‍ ഒരു മാസത്തിനകം മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ പരാതിക്കാരിക്ക് നിര്‍ദേശം നല്‍കി.

തപാല്‍ വകുപ്പിലെ ഇ ഡി പോസ്റ്റ് ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട് സമരകാലത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ ജീവനക്കാരന്‍ മല്ലപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു.

പോലീസിലും തപാല്‍ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനാലാണ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ ആവശ്യമായ അടിയന്തര അനേ്വഷണം നടത്തി കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

പൊടിയാടി സ്വദേശിനിയായ വൃദ്ധ വീട്ടിലൊപ്പം കഴിയുന്ന സഹോദരന്റെ മകനും കുടുംബവും പലവിധത്തില്‍ ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയുമായാണ് കമ്മീഷനെ സമീപിച്ചത്. വൃദ്ധയോട് മോശമായി പെരുമാറിയ കുടുംബാംഗങ്ങളെ കമ്മീഷന്‍ താക്കീത് ചെയ്യുകയും ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിച്ചാല്‍ കമ്മീഷന്റെ ഭാഗത്തുനിന്നും ശക്തമായ ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

വൃദ്ധയുടെ താത്പര്യപ്രകാരം രണ്ട് മാസക്കാലയളവില്‍ ഇവരോടൊപ്പം താമസിക്കുന്നതിന് കമ്മീഷന്‍ അനുമതിന നല്‍കുകയും അതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു.

അടൂര്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വനിതാ ഭാരവാഹിയോട് മോശമായി പെരുമാറിയെന്നും പൊതുയോഗം ചേരാതെ തന്നെ ജീവനക്കാരിയെ സ്ഥാനത്തുനിന്നും നീക്കം ചെയ്തുവെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു.

മുമ്പും അസോസിയേഷനെതിരെ കമ്മീഷനില്‍ മറ്റൊരു വനിതാ ജീവനക്കാരിയോടും മോശമായി പെരുമാറിയെന്ന പരാതിയും ലഭിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് അടിയന്തര അനേ്വഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി.

അടൂര്‍ പയ്യനല്ലൂര്‍ സ്വദേശിനിയായ 90 വയസുള്ള വൃദ്ധ മാതാവ് നല്‍കിയ പരാതിയില്‍ എതിര്‍ കക്ഷികളായ കൊച്ചുമക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയെങ്കിലും പരാതിക്കാരിയുടെ വാര്‍ധ്യസഹജമായ ആരോ ഗ്യനില കണക്കിലെടുത്ത് ചെയര്‍പേഴ്‌സണ്‍ന്റെ നിര്‍ദേശപ്രകാരം കമ്മീഷന്‍ അംഗം നേരിട്ടെത്തി പരാതിപരിഹരിക്കുന്നതിനും തീരുമാനിച്ചു.

മാതാപിതാക്കള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളുടെയും നടുവില്‍ മക്കളുടെ ജീവിതം ദുരിതപൂര്‍ണമാകുന്നതാണ് കൂടുതലായി കണ്ടുവരുന്നതെന്നും അടിസ്ഥാന ഘടകമായ കുടുംബത്തില്‍ നിന്നുതന്നെ അവര്‍ക്ക് ആവശ്യമായ മാനസികാരോഗ്യ പിന്തുണയും സാമൂഹ്യബോധവും നല്‍കേണ്ടത് അടിയന്തര ആവശ്യമാണെന്നും ഭൂരിഭാഗം പരാതികളില്‍ നിന്നും മനസിലാക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി.

ആകെ 75 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ഇതില്‍ 31 പരാതികള്‍ പരിഹരിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി 44 പരാതികള്‍ കൈമാറി. ഈ പരാതികള്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News