സമഗ്രശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ ശാസ്ത്ര പാര്‍ക്കുകള്‍ തുടങ്ങുന്നു; സംസ്ഥാനതല ഉദ്ഘാടനം 25 ന് പത്തനംതിട്ടയില്‍

യു.പി ക്ലാസുകളിലെ ശാസ്ത്രപഠനം കാര്യക്ഷമമാക്കാന്‍ സമഗ്രശിക്ഷാ അഭിയാന്‍ ശാസ്ത്രപാര്‍ക്കുകള്‍ തുടങ്ങുന്നു. ‘ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം’ എന്ന പൊതു പരിപാടിയുടെ ഭാഗമായാണ് ശാസ്ത്രപാര്‍ക്കുകള്‍ ആരംഭിക്കുന്നത്.

എല്ലാ ജില്ലകളിലും ഇത് നടപ്പാക്കും. പത്തനംതിട്ട ജില്ലയില്‍ 11 ബി.ആര്‍.സി കളിലായി 38 സ്‌കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവവും, ശാസ്ത്ര താത്പര്യവും വളര്‍ത്തുക എന്നതാണ് ശാസ്ത്രപാര്‍ക്കുകളുടെ ലക്ഷ്യം.

ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട അമ്പതോളം പരീക്ഷണോപകരണങ്ങളാണ് ശാസ്ത്രപാര്‍ക്കിലുണ്ടാവുക. ശാസ്ത്രപരീക്ഷണങ്ങള്‍ കുട്ടികള്‍ക്ക് സ്വയം ചെയ്തുനോക്കാന്‍ സഹായകമായ രീതിയിലാവും ഇതിന്‍റെ പ്രവര്‍ത്തനം.

ഒഴിവുള്ള ഏതു സമയത്തും ശാസ്ത്രപാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകും. ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ മനസ്സിലാക്കാനും, വിശദീകരിക്കാനും ഇതിലൂടെ കുട്ടികള്‍ക്കു കഴിയും.

സ്ഥലസൗകര്യമുള്ള സ്‌കൂളുകളിലാണ് ഒന്നാം ഘട്ടത്തില്‍ ഇത് നടപ്പിലാക്കുക. ശാസ്ത്രപാര്‍ക്കു രൂപപ്പെടുത്തുന്നതിനുള്ള സംസ്ഥാനതല ശില്പശാല തിരുവല്ല കൊമ്പാടി ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു.

വിവിധ ജില്ലകളില്‍ നിന്നുള്ള 54 എസ്.എസ്.എ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ശില്പശാല ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ പി.സുരേഷ്‌കുമാര്‍.

ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എ സിന്ധു, കോന്നി ബി.പി.ഒ എന്‍.എസ്.രാജേന്ദ്രകുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ മനോജ് എന്നിവര്‍ സംസാരിച്ചു.

ശില്പശാലയില്‍ രൂപപ്പെടുന്ന പരീക്ഷണോപകരണങ്ങള്‍ ജില്ലയിലെ പ്രമാടം പഞ്ചായത്തിലെ അഞ്ച് സ്‌കൂളുകളില്‍ സജ്ജീകരിച്ചുകൊണ്ട് ശാസ്ത്രപാര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

നേതാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രമാടം, കെ.എം.യു.പി.എസ് മുല്ലശ്ശേരി, എന്‍.എസ്.എസ് ഹൈസ്‌കൂള്‍ വി-കോട്ടയം, എസ്.എന്‍.ഡി.പി.യു.പി.എസ് വി-കോട്ടയം, സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ കിഴവള്ളൂര്‍ എന്നീ സ്‌കൂളുകളിലാണ് ശാസ്ത്രപാര്‍ക്കുകള്‍ സജ്ജീകരിക്കുക.

ഇതിനുള്ള ചെലവ് എസ്.എസ്.എ സ്റ്റേറ്റ് ഓഫീസ് വഹിക്കും.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 25-ന് പ്രമാടം നേതാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോന്നിയൂര്‍ പി.കെ, ജില്ലാപഞ്ചയത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി.അനിത, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷത എലിസബേത്ത് അബു തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News