അഭിമന്യു വധം: പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും; എസ്ഡിപിഎെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്.

ഇനി പിടിയിലാകാനുള്ളവർ അറസ്റ്റിലാകുന്ന മുറക്ക് അവരെ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 പേരും ഇവരെ സഹായിച്ച പതിനൊന്നുപേരും ഉൾപ്പെടെ 26 പേരാണ് പ്രതികൾ എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട് എന്ന വർഗീയ തീവ്രവാദ സംഘടനകളുടെ പ്രവർത്തകരാണ് പ്രതികൾ.

ഒന്നാം പ്രതി J I മുഹമ്മദ് രണ്ടാംപ്രതി ആരിഫ് ബിൻ സലീം എന്നിവർ ഉൾപ്പെടെ 16 പേർ ആദ്യ കുറ്റപത്രത്തിൽ പ്രതികളാണ്.

ഏഴ് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവർ പിടിയിലാകുന്നതോടെ ഇവരെ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന, സംഘംചേരൽ, ആയുധം കൈവശം വെക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീദാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന സുനീഷ് എന്നയാളും അഭിമന്യുവിനെ കുത്തി പരിക്കേൽപ്പിച്ചു എന്ന് കുറ്റപത്രം പറയുന്നു.

ജൂലൈ 2 നാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെ വർഗീയ തീവ്രവാദികൾ ക്യാമ്പസിനുള്ളിൽ കടന്ന് കുത്തിക്കൊലപ്പെടുത്തിയത്.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഈ ഇരുപതുകാരൻ. നവാഗതരെ വരവേൽക്കാൻള്ള ചുവരെഴുത്ത് നടത്തുന്നതിനിടെയാണ് സംഘടിച്ചെത്തിയ എസ്ഡിപിഐ വർഗീയവാദികൾ അഭിമന്യു ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയത്.

അഭിമന്യുവിന്‍റെ സുഹൃത്തും എസ്എഫ്ഐ പ്രവർത്തകനുമായ അര്‍ജുന്‍ ഗുരുതരമായി പരിക്കേറ്റ ഏറെനാൾ ചികിത്സയിലായിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയും ഗൂഢാലോചനയോടും കൂടി നടത്തിയ കൊലപാതകത്തിലെ പ്രതികൾ കണ്ടെത്താനും പിടികൂടാനും പോലീസ് ഏറെ ബുദ്ധിമുട്ടി.

പ്രതികളെ രക്ഷപ്പെടുത്താനും ഒളിവിൽ പോകാൻ സഹായിക്കുന്നതിനുമായി ഒരു ഗൂഢസംഘം തന്നെ പ്രവർത്തിച്ചിരുന്നു. ഇതാണ് അന്വേഷണം ദുഷ്കരമാക്കിയത് .

എങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെയും അവരെ ഒളിവിൽ പോകാൻ സഹായിച്ചവരെയും
ഉൾപ്പെടെ 16 പേരെ ദിവസങ്ങൾക്കകം പിടികൂടാൻ പോലീസിന് കഴിഞ്ഞു.

നാടിനെ നടുക്കിയ അരുംകൊല നടന്ന് എൺപത്തി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News