വീണ്ടും മല്യ മോഡല്‍ തട്ടിപ്പ്; ബാങ്കുകളെ പറ്റിച്ച് നാട് വിട്ട നിതിന്‍ സന്ദേസരയും കുടുംബവും നൈജീരിയയിലേക്ക് കടന്നതായി സൂചന

മല്യ മോഡലില്‍ ബാങ്കുകളെ പറ്റിച്ച് നാട് വിട്ട നിതിന്‍ സന്ദേസരയും കുടുംബവും നൈജീരിയയിലേക്ക് കടന്നതായി സൂചന. പണം തട്ടിച്ച് കടന്ന ഇയാള്‍ യുഎഇയില്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ സന്ദേസര കുടംബം മുഴുവന്‍ നൈജീരിയയിലേക്ക് കടന്നെന്നാണ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.സാമ്പത്തിക തട്ടിപ്പുകാര്‍ രാജ്യം കടക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ സംഭവം.

വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് ഗ്രൂപ്പ് വിവിധ ബാങ്കുകളെ 5000 കോടി രൂപ പറ്റിച്ച കേസില്‍ സിബിഐയും ആദായ നികുതി വകുപ്പും തെരയുന്നയാളാണ് നിതിന്‍ സന്ദേസര.ഇയാളെ യുഎഇയില്‍ കരുതല്‍ തടങ്കലില്‍ വച്ചതായാണ് കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ സന്ദേസര നൈജീരിയയിലേക്ക് കടന്നെന്നാണ് ഒടുവിലെ വിവരം. നിതിന്‍ സന്ദേസര,സഹോദരന്‍ ചേതന്‍ സന്ദേസര,സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേസര എന്നിവര്‍ നൈജീരിയിലേക്ക് നാടുവിട്ടെന്നാണ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണോ ഇവര്‍ നാടുവിട്ടതെന്ന് വ്യക്തമല്ല.

നാടുകടന്നെന്ന് ഔദ്യോഗികമായി യുഎഇ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുഎഇയെ സമീപിക്കാനൊരുങ്ങുകയാണ് ഇന്ത്യ.ഇന്റര്‍പോളിനെ സമീപിച്ച് ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാനും ഇന്ത്യ ആവശ്യപ്പെട്ടേക്കും.

നൈജീരിയിയിലേക്ക് കടന്നത് സത്യമാണെങ്കില്‍ ഇവരെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനും ഇടയില്ല. ഇന്ത്യയും നൈജീരിയയും തമ്മില്‍ പ്രതികളെ കൈമാറാനുള്ള കരാറില്‍ ഏര്‍പ്പെടാത്തതിനാലാണിത്. മല്യയ്ക്കും,നീരവ് മോദിക്കും പിന്നാലെ മറ്റൊരാള്‍ കൂടി ബാങ്കുകളെ പറ്റിച്ച് സുരക്ഷിതമായി നാട് കടന്നിരിക്കുകയാണ്.

രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളെ പിടികൂടി തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel