കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ റിമാന്‍ഡില്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. അടുത്തമാസം ആറ് വരെ പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ റിമാന്‍ഡ് ചെയ്തത്.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മജിസ്‌ട്രേറ്റിനോട് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ അറിയിച്ചു.

കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് അന്വേഷണസംഘം ബിഷപ്പിന്റെ ക്രീം കളര്‍ പൈജാമയും ഷര്‍ട്ടും കസ്റ്റഡിയിലെടുത്തു. ഇത് നിയമ വിരുദ്ധമാണെന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നിയമപരമായ നടപടി ക്രമങ്ങളാണ് പൊലീസ് സ്വീകരിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിനെ അടുത്ത മാസം ആറു വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ സുരക്ഷാ വലയം തീര്‍ത്ത് പൊലീസ് പാലാ സബ് ജയിലിലേക്ക് കൊണ്ടുപോയി.

പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ റിമാന്‍ഡ് പ്രതിയായ ഫ്രാങ്കോയ്‌ക്കൊപ്പം പെറ്റി കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുമാണ്ടാകും. സി കഌസ് സൗകര്യങ്ങളായതിനാല്‍ ബിഷപ്പിന് കട്ടില്‍ ലഭിക്കില്ല. മറ്റു പ്രതികള്‍ക്കൊപ്പം തറയില്‍ പായ വിരിച്ച് കിടക്കേണ്ടിവരും. പ്രത്യേക ഭക്ഷണം നല്‍കില്ലെന്നും മറ്റു തടവുകാര്‍ക്കൊപ്പമായിരിക്കും ഭക്ഷണമെന്നും ജയിലധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ പ്രതിഭാഗം സമര്‍പ്പിച്ചിട്ടുള്ള ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. ബിഷപ്പിനെ കൂടാതെ സബ് ജയിലിലെ ഏഴു സെല്ലുകളിലായി 46 പ്രതികളാണുള്ളത്. കേസിന്റെ തുടക്കം മുതല്‍ പഴുതടച്ചുള്ള പൊലീസ് അന്വേഷണമാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിനുള്ളില്‍ എത്തിച്ചത്.

കൂടാതെ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പരാതിക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസും കുറവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്തി്ട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി: കെ സുഭാഷ് റിപ്പോര്‍ട്ട് നല്‍കും. കേസിന്റെ ഭാഗമായി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News