ബിഷപ്പിന്‍റെ അറസ്റ്റ് വേദനാജനകം; കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ മൂല്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിര്; ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും  കന്യാസ്ത്രീകളുടെ സമരത്തെ തള്ളിയും കെസിബിസി

അറസ്റ്റിലായ ബിഷപ്പിനെ പരോക്ഷമായി പിന്തുണച്ചും കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞും കെസിബി സി. കന്യാസ്ത്രീകള്‍ നടത്തിയ സമരം ക്രൈസ്തവ മൂല്യങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കും എതിരെന്ന് കെ സി ബി സിയുടെ വാര്‍ത്താക്കുറിപ്പ്.

അതേ സമയം ബിഷപ്പിന്‍റെ അറസ്റ്റ് വേദനാ ജനകമെന്നും സഭയെ കരുതിക്കൂട്ടി അവഹേളിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും കെ സി ബി സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കൊ മുളയ്ക്കലിനെ അറസ്റ്റ്ചെയ്ത് റിമാന്‍റിലായ സാഹചര്യത്തിലാണ് ബിഷപ്പിന് പരോക്ഷ പിന്തുണയുമായി കെ സി ബി സി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

എന്തു കാരണത്തിന്‍റെ പേരിലായാലും ചി ല വൈദികരും കന്യാസ്ത്രീകളും ചേര്‍ന്ന് സഭാധികാരികളെയും കൂദാശകളെയും അവഹേളിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കുകയായിരുന്നുവെന്ന് കെ സി ബി സി വ്യക്തമാക്കുന്നു.

കന്യാസ്ത്രീകള്‍ വ‍ഴിവക്കില്‍ സമരം ചെയ്തത് സഭയെ സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു. സമരം ക്രൈസ്തവ മൂല്യങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കും എതിരാണ്.

അതേ സമയം ബിഷപ്പിന്‍റെ അറസ്റ്റ് വേദനാ ജനകമാണെന്ന് കെ സി ബി സി പറയുന്നു.ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ ഇടയായതില്‍ സഭ ഖേദിക്കുന്നു.കേസിന്‍റെ വിചാരണയും തുടര്‍ നടപടികളും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാതെ നടക്കണം.

കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം.പരാതിക്കാരിയുടെയും ബിഷപ്പിന്‍റെയും അന്തസ്സിനെ അവഹേളിക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്.നിഗൂഢ ലക്ഷ്യമുള്ള മാധ്യമ പ്രവര്‍ത്തകരും സഭക്കുള്ളിലെ അസംതൃപ്തരുമാണ് ഇതിനു പിന്നില്‍.

കന്യാസ്ത്രീയുടെ പരാതിയില്‍ സഭ ന്യായമായ സമയത്തിനുള്ളില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്.ഇന്ത്യയിലെ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ പീഡനാരോപണമുയര്‍ന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ആരും ആക്ഷേപിച്ചില്ല.

അതു പോലെ ഒരു മന്ത്രിക്കെതിരെയും ജഡ്ജിക്കെതിരെയും വന്നപ്പോ‍ഴും അവരെ മാത്രമാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരു ബിഷപ്പിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത്അനീതിയാണെന്നും കെ സി ബി സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here