കേരളത്തിന്‍റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി; കുട്ടനാടിന്‍റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്‍റിന്‍റെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി

കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് കൂടുതല്‍ സഹായമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടു.

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വിശദമായി അവതരിപ്പിച്ചു ആ‍വശ്യങ്ങളെല്ലാം പ്രധാനമന്ത്രി അനുഭാവ പൂര്‍വം പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളെ ഫലപ്രതമായി പ്രതിരോധിക്കാന്‍ ക‍ഴിഞ്ഞതായും മുഖ്യമന്ത്രി. കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് 250000 കോടി വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.

പൂര്‍ണമായ നാശനഷ്ടം ഒക്ടോബറില്‍ മാത്രമെ കണക്കാക്കാന്‍ ക‍ഴിയു. അടുത്തമാസം വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് നല്‍കും.

സംസ്ഥാനത്തിന്‍റെ വായ്പാ പരിധി 3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി ഉയര്‍ത്തണമെന്നും പ്രധാനമന്ത്രിയോട് ആ‍വശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 4796 കോടിയുടെ അധിക സഹായം സംസ്ഥാനത്തിന് നല്‍കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 10 ശതമാനം ഉയര്‍ത്തണം. റോഡ് ഫണ്ടായി 3000 കോടിയും ആവശ്യപ്പെട്ടു.

പ്രളയക്കെടുതിയില്‍ പെട്ടവരില്‍ ചെറുകിട കര്‍ഷകരും ഉണ്ട് ഇവര്‍ക്ക് സഹായം ലഭ്യമാക്കണമെങ്കില്‍ കൂടുതല്‍ സാമ്പത്തിക സഹായം വേണം.

ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് അതിന്‍റെ സഹായം ലഭിക്കും എന്നാല്‍ നമ്മുടെ നാട്ടില്‍ ഒരു ഇന്‍ഷൂറന്‍സ് സംസ്കാരം രൂപപ്പെട്ടില്ലെന്നത് ഇതിന് തടസമാണെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍നിര്‍മാണം ഒറ്റയ്ക്ക് നടത്താനുള്ള സാമ്പത്തിക ശേഷി കേരളത്തിനില്ല. 5000 കോടിയുടെ പ്രത്യേക ഗ്രാന്‍റും കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആ‍വശ്യപ്പെട്ടിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നതിലുള്ള തടസം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് 16000 കോടിയുടെ അധിക വായ്പ ലഭ്യമാക്കാനാണ് നീക്കം.

ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ 2500 കോടി വേണ്ടി വരും. കുട്ടനാടിന്‍റെ പുനര്‍നിര്‍മാണത്തിന് നെതര്‍ലാന്‍റിന്‍റെ സഹായം ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഇതിനായി ആ രാജ്യത്തിന്‍റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിമരുടെ ധനശേഖരണത്തിന് തടസമുണ്ടാവില്ലെന്നാണ് കരുതുന്നത്.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ആശങ്കകളൊന്നും നിലവില്ല വിവാദങ്ങളൊക്കെ മാധ്യമ സൃഷ്ടിയാണ് ആരെയും നിര്‍ബന്ധിച്ച് ഇതിന്‍റെ ഭാഗമാക്കുന്നില്ല. സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവരോട് സ്വന്തം മക്കള്‍ ചോദിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News