ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്; സുപ്രീംകോടതിയുടെ നീക്കം നിയമകാര്യമന്ത്രാലയത്തിനും മോദിയുടെ ഓഫീസിനും അപ്രതീക്ഷിത തിരിച്ചടി

ദില്ലി: സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാനുള്ള വകുപ്പ് എടുത്ത കളഞ്ഞ സുപ്രീംകോടതിയുടെ നീക്കം നിയമകാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അപ്രതീക്ഷിത തിരിച്ചടിയായി.

പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് പോലും അപ്രാപ്യമായ ആധാര്‍ വിവരങ്ങളാണ് മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുകേഷ് അമ്പാനിയുടെ ജിയോ ഫോണ്‍ സര്‍വീസിനും മറ്റ് സ്വകാര്യ ഫോണ്‍ കമ്പനികള്‍ക്കും ലഭിച്ചത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

2016 മാര്‍ച്ച് പതിനൊന്നിന് ലോക്‌സഭയില്‍ മണിബില്ലായി കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാസാക്കി. തൊട്ട് പിന്നാലെ ആരംഭിച്ച മുകേഷ് അബാനിയുടെ ജിയോ ഫോണ്‍ സര്‍വീസിന് ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാരുടേയും ആധാര്‍ വിവരങ്ങള്‍ വിട്ട് നല്‍കി. പ്രതിഷേധിച്ച മറ്റ് സ്വകാര്യ ഫോണ്‍ കമ്പനികള്‍ക്കും കെ.വൈ.സിയുടെ പേരില്‍ ആധാര്‍ ലഭിച്ചു.

ഈ മാസം മാത്രം 62 മില്യണ്‍ ആധാര്‍ വിവരങ്ങളാണ് ഫോണ്‍ കണക്ഷനിലൂടെ ജിയോയ്ക്ക് ലഭിച്ചത്. പൊതുമേഖല ബാങ്കുകള്‍ക്ക് പുറമെ സ്വകാര്യ ബാങ്കുകളും ബയോമെട്രിക് വിവരങ്ങള്‍ അക്കൗണ്ട് തുടങ്ങാനെന്ന പേരില്‍ സ്വരൂപിച്ചു.

പേയ് ടീം പോലും ആധാര്‍ നിര്‍ബധമാക്കി. ഇതൊക്കെ വിമര്‍ശന വിധേയമായെങ്കിലും ആധാറിലെ ചട്ടം 57 മുന്‍ നിറുത്തി കേന്ദ്ര സര്‍ക്കാര്‍ അത് മറികടന്നു. 2017ല്‍ സ്വകാര്യത മൗലികവകാശമാക്കിയ സുപ്രീംകോടതി വിധി പോലും ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാരിന് തടസമായില്ല.

ദേശ സുരക്ഷയ്ക്കായി ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ചട്ടം 47 നിലനില്‍ക്കുമെന്നാണ് അവസാന നിമിഷം വരെ കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. അതും സുപ്രീം കോടതി റദാക്കിയത് അപ്രതീക്ഷിതമായിരുന്നു. പാര്‍ലമെന്റില്‍ നിയമം കൊണ്ട് വന്ന് വിധി മറികടക്കാം. പക്ഷെ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരമൊരു നീക്കം എന്‍ഡിഎയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
ബിജെപിയുടെ മുഖത്തേറ്റ അടിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News