ഫ്രാങ്കോയ്‌ക്കെതിരായ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി; സിസ്റ്റര്‍ അമലക്കെതിരായ കേസ് അന്വേഷിക്കും

കോട്ടയം: ബിഷപ്പിനെതിരായ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍, ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരായ കേസാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.

സിഎംഐ വൈദികനായ ജയിംസ് ഏര്‍ത്തയില്‍ പരാതിക്കാരിക്കൊപ്പം മീത്തിലുള്ള കന്യാസ്ത്രീയെ ഫോണില്‍ വിളിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. ബിഷപ്പിനെതിരായ പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ ഭൂമിയും ഒരു മഠവും നിര്‍മ്മിച്ചു നല്‍കാമെന്നായിരുന്നു ഏര്‍ത്തയിലിന്റെ വാഗ്ദാനം.

ഫോണ്‍ സംഭാഷണം പുറത്തായതോടെ ജെയിംസ് ഏര്‍ത്തയിലിനെതിരെ കേസെടുക്കുകയും പാലാ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുകയും ചെയ്തിരുന്നു.

കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിനാണ് മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അലയ്‌ക്കെതിരെ കേസെടുത്തത്. ഒരാഴ്ചയ്ക്കുള്ളില്‍ കുറവിലങ്ങാട് പൊലീസിനു മുമ്പില്‍ ഹാജരാകണമെന്നറിയിച്ചുകൊണ്ട് സിസ്റ്റര്‍ അമലയ്ക്ക് കഴിഞ്ഞ ദിവസം പൊലീസ് നോട്ടീസ് അയച്ചിരുന്നു.

ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെയും സിസ്റ്റര്‍ അമലയ്‌ക്കെതിരെയുമുള്ള കേസുകളാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയ്ക്ക് മറ്റ് കേസുകള്‍ തീര്‍ക്കാനുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

അതിനിടെ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി മിഷണറീസ് ഓഫ് ജീസസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. തങ്ങളെ മനപൂര്‍വ്വം കരുവാക്കുകയാണെന്നും ഭീഷണിപ്പെടുത്തിയും മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയും ബിഷപ്പിനെതിരെ മൊഴി ശേഖരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അനുമതിയില്ലാതെ പൊലീസ് അര്‍ധരാത്രിവരെ മഠത്തില്‍ തെളിവെടുപ്പിന്റെ പേരില്‍ ചിലവഴിക്കുന്നത് മഠത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബിഷപ്പിനുവേണ്ടി കൂട്ടപ്രാര്‍ത്ഥന നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം, പിസി ജോര്‍ജിനെതിരെ കേസ് എടുക്കണമോയെന്ന കാര്യം കന്യാസ്ത്രീയുടെ മൊഴിയെടുത്ത ശേഷം പൊലീസ് തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News