മണ്‍റോ തുരുത്തിന് ഇനി സുസ്ഥിരവും ചിലവുകുറഞ്ഞതുമായ വീടുകള്‍; ‘ബാക് ടു ഹോം’ ഭവന പദ്ധതിയുമായി കോളേജ് വിദ്യാര്‍ത്ഥികള്‍

കൊല്ലം മൺട്രോതുരുത്തിൽ മഹാപ്രളയത്തിൽ വീട് നഷ്‌ടമായവർക്ക് പുതിയ വീട് നിർമ്മിച്ച് നൽകാൻ ‘ബാക് ടു ഹോം’ ഭവന പദ്ധതിയുമായി കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജ്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന ചിലവ് കുറഞ്ഞതും വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്നതുമായ വീടുകളാണ് നിർമ്മിക്കുന്നത്.

വീടിന്റെ ശിലാസ്ഥാപനം ഒക്ടോബർ 2ന് കെ.സോമപ്രസാദ് എംപിയും ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാരും ചേർന്ന് നിർവഹിക്കും.

പ്രി ഫാബ്രിക്കേറ്റഡ് പ്രി സ്ട്രെസ്ഡ് സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് പാളികളാണ് വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

ആഴത്തിലുള്ള പൈലുകൾക്ക് പകരം പ്രിഫാബിന്റെ ഗ്രില്ലേജ് മാതൃകയിലാണ് വീടിന്റെ അടിസ്ഥാനം നിർമ്മിക്കുന്നത്.

രണ്ട് കിടപ്പ് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്നതാണ് വീട്. പ്രളയകാലത്തെ ജലനിരപ്പിനേക്കാൾ ഒരടി കൂടി ഉയർത്തിയാണ് വീടിന്റെ അടിസ്ഥാനം നിർമ്മിക്കുന്നത്.

കോൺക്രീറ്റ് പാളികൾ കൂട്ടി യോജിപ്പിച്ച് നിർമ്മിക്കുന്ന വീടിന് സാധാരണ നിർമ്മാണ ശൈലിയിലുള്ള വീടുകളേക്കാൾ നാല് മടങ്ങാണ് ആയുസ്.

16 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് താമസം ആരംഭിക്കാനാകുമെന്നതാണ് പ്രത്യേകത. വീടിന്റെ തറയിൽ ടൈൽ പാകുന്നത് ഉൾപ്പെടെയുള്ള എല്ലാ ജോലികൾക്കുമായി സ്ക്വയർ ഫീറ്റിന് 1100 രൂപ മാത്രമാണ് ചിലവ്.

വേലിയേറ്റത്തെ കണികാണുന്ന മൺട്രോതുരുത്തിന് ഭവന പദ്ധതി സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 30 ലക്ഷം രൂപ രൂപ ചിലവിൽ അഞ്ച് വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് വീട് നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നത്. മൺറോതുരുത്തിലെ 550 സ്ക്വയർഫീറ്റ് വിസ്‌തീർണ്ണം വരുന്ന വീടിന് ആറ് ലക്ഷത്തോളം രൂപ നിർമ്മാണ ചിലവ് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News