അയോധ്യകേസ് വിശാല ബഞ്ചിന് വിടില്ല; മുസ്ളീം വിഭാഗത്തിന് നിസ്ക്കാരത്തിന് പള്ളി നിര്‍ബന്ധമില്ലെന്ന വിധി നിലനില്‍ക്കും

ദില്ലി: മുസ്‌ലിംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ അനിവാര്യമല്ല എന്ന അഞ്ചംഗ ബെഞ്ചിന്റെ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന്‌ സുപ്രീംകോടതി. കേസ്‌ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന് 1994 ൽ ഇസ്മായീൽ ഫാറൂഖി കേസിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് ഉത്തരവിട്ടത്. ഈ വിധി ഉയർന്ന ബെഞ്ച് പുനഃ പരിശോധിക്കണം എന്ന ആവശ്യത്തിൽ ആണ് കോടതി ഇന്ന് വിധിപറഞ്ഞത്. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ജസ്റ്റിസ് അശോക് ഭൂഷൺ അബ്ദുൽ നസീർ എന്നിവർ അടങ്ങിയ പ്രത്യേക ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌. ചീഫ്‌ ജസ്‌റ്റിസിനും ജസ്റ്റിസ് അശോക് ഭൂഷനുംവേണ്ടി അശോക്‌ ഭൂഷനാണ്‌ വിധി പറയുന്നത്‌. അതേസമയം വിഷയം ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കണമെന്ന്‌ ജസ്റ്റിസ് അബ്ദുൽ നസീർ വിധി പ്രസ്‌താവിച്ചു.

ഇസ്മായീൽ ഫാറൂഖി കേസിൽ പള്ളികളെ സംബന്ധിച്ച് 52 ആം പാരഗ്രാഫിൽ പറഞ്ഞ പരാമർശം ആ കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണെന്നും ആ കേസിൽ മുസ്ലിം പള്ളികൾ മാത്രം അല്ല, അമ്പലങ്ങൾ, ക്രൈസ്‌തവ പള്ളികൾ എന്നിവയും സർക്കാരിന് ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അശോക്‌ ഭൂഷൺ വ്യ്‌കതമാക്കി.

ഇസ്മായീൽ ഫാറൂഖി കേസിലെ വിധി അയോധ്യ തർക്ക ഭൂമി കേസിനെ ബാധിക്കില്ല . അത് ഭൂമി ഏറ്റെടുക്കലിന് മാത്രമേ ബാധിക്കുകയുള്ളൂ അശോക്‌ ഭൂഷൺ വ്യക്‌തമാക്കി.

അതേസമയം ഇസ്ലാം മത വിശ്വാസികൾക്ക് ആരാധനക്ക് പള്ളി അനിവാര്യം ആണോ എന്ന വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്ന്‌ ജസ്റ്റിസ് അബ്‌ദുൾ നസീർ വിധിപറഞ്ഞു. ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് അശോക് ഭൂഷന്റെയും വിധിയോട് വിയോജിപ്പ് രേഖപെടുത്തിയാണ്‌ ജസ്റ്റിസ് അബ്ദുൽ നസീറിന്റെ വിധി പ്രസ്‌താവം. ഇസ്മായീൽ ഫാറൂഖി കേസിൽ മതവും ആയി ബന്ധപ്പെട്ട ചില നിഗമനങ്ങൾ വേണ്ടത്ര പരിശോധന നടത്താതെയാണെന്നും ജസ്റ്റിസ് അബ്ദുൽ നസീർ പറഞ്ഞു.

1992 ഡിസംബർ 6 ന് സംഘ പരിവാര്‍ തകര്‍ത്ത ബാബറി മസ്ജിദിന് ചുറ്റും ഉള്ള 67. 703 ഏക്കർ ഭൂമി ഏറ്റെടുക്കാനായി 1993ല്‍ സർക്കാർ അയോധ്യ ആക്ട് (Acquisition of Certain Areas at Ayodhya Act, 1993) കൊണ്ടുവന്നു . ഈ ആക്ടിനെ ചോദ്യം ചെയ്ത് ഇസ്മായിൽ ഫാറൂഖി നൽകിയ ഹർജിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി വന്നു. ആ വിധിയിലാണ് ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്ന പരാമര്‍ശം വന്നത്.

അയോധ്യ ആക്ട് ചോദ്യം ചെയ്ത് നൽകിയ ഹർജി വാദം കേട്ടത് അന്നത്തെ ചീഫ് ജസ്റ്റിസ് എം എൻ വെങ്കിട്ടചെല്ലയ്യ, ജസ്റ്റിസ് ജെ എസ് വർമ്മ, എ എം അഹമ്മദി, ജി എൻ റേ, എസ് പി ബറൂച്ച എന്നിവർ അടങ്ങിയ ഭരണഘടന ബെഞ്ച് ആണ്. ആക്ടിലെ 4 (3) വകുപ്പ് ഒഴികെ ഉള്ള എല്ലാ വ്യവസ്ഥകളും ജസ്റ്റിസ് മാരായ എം എൻ വെങ്കിട്ടചെല്ലയ്യ, ജെ എസ് വർമ്മ, ജി എൻ റേ എന്നിവർ അടങ്ങിയ ബെഞ്ച് ശരിവച്ചു. ഇസ്ലാം മത വിശ്വാസിക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യം അല്ല എന്നും പള്ളികൾ സർക്കാരിന് ഏറ്റെടുക്കാവുന്നത് ആണെന്നും ഈ മൂന്ന് പേരും വിധിച്ചു. എന്നാൽ ജസ്റ്റിസ് മാരായ എ എം അഹമ്മദിയും എസ് പി ബറൂച്ചയും ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. അയോധ്യ ആക്ട് ഒരു സമുദായത്തിന് അനുകൂലവും മറ്റൊരു സമുദായത്തിന് പ്രതികൂലവും ആണെന്ന് ജസ്റ്റിസ് അഹമ്മദിയും ജസ്റ്റിസ് ബറൂച്ചയും വിയോജന വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

അതേസമയം അയോധ്യയിലെ തർക്ക ഭൂമി മൂന്നായി വിഭജിച്ചു കൊണ്ടുള്ള 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് 1994 ലെ ഇസ്മായീൽ ഫാറൂഖി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന ആവശ്യം സുന്നി വക്കഫ് ബോർഡും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടത്. ഇസ്മായീൽ ഫാറൂഖി കേസിൽ തീർപ്പായതിന് ശേഷമേ അയോധ്യ കേസ് കേൾക്കാവു എന്ന്‌ വക്കഫ് ബോർഡും ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News