പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചത് ചട്ടപ്രകാരം; ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷനേതാവ്.

സംസ്ഥാനത്ത് മദ്യം ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഡിസ്റ്റിലറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മൂന്ന് ബ്രൂവറികളും(ബിയര്‍ ഉല്‍പ്പാദനകേന്ദ്രം) ഒരു ബ്ളെന്‍ഡിങ് കോമ്പൌണ്ടിങ് ആന്റ് ബോട്ലിങ് യൂണിറ്റും അനുവദിച്ചത് നടപടിക്രമങ്ങള്‍ അനുസരിച്ചും നിയമവും ചട്ടങ്ങളും പാലിച്ചുമാണ്.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. അവ ഒരുതരത്തിലും രഹസ്യസ്വഭാവമുള്ളവയല്ല. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങുന്ന മുറയ്ക്ക് സര്‍ക്കാരിന്റെ വെബ് ആന്റ് ന്യൂസ്‌ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ല. സുതാര്യമായാണ് അപേക്ഷകളില്‍ തീരുമാനമെടുത്തത്.മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് തൊഴിലവസരം വര്‍ധിപ്പിക്കാനും വരുമാനവര്‍ധനവിനും ഉതകുന്ന തീരുമാനം വന്ന ഘട്ടത്തില്‍ അഴിമതി ആരോപണവുമായി ഇറങ്ങിത്തിരിച്ചത് അന്യസംസ്ഥാന മദ്യലോബികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്.

1999 സെപതംബര്‍ 29ലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് പുതുതായി ഡിസ്റ്റിലറികള്‍ക്കും ബോട്ലിങ് യൂണിറ്റുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്. ആ ഉത്തരവില്‍ ബ്രൂവറികളെക്കുറിച്ച് പരാമര്‍ശമില്ല.

വിശദമായ പഠനത്തിനും പരിശോധനകള്‍ക്കും ശേഷമാണ് 2017 ജൂണില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ വികലമായ മദ്യനയം തിരുത്തിയാണ് ത്രീസ്റ്റാറിനു മുകളില്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കുന്നതടക്കമുള്ള തീരുമാനങ്ങളെടുത്തത്‌.

സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന വിദേശമദ്യം, ബിയര്‍ എന്നിവ വലിയ തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ നാല്‍പ്പത് ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരികയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തുന്നു. നികുതിവരുമാനത്തിലെ നഷ്ടവും തൊഴില്‍നഷ്ടവും സര്‍ക്കാര്‍ പരിഗണിച്ച വിഷയങ്ങളില്‍ പെടുന്നു.

സംസ്ഥാനത്തിനകത്ത് തന്നെ വിദേശമദ്യവും ബിയറും ഉല്‍പ്പാദിപ്പിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നേരിട്ടും അല്ലാതെയും അനേകം പേര്‍ക്ക് തൊഴില്‍ലഭ്യമാക്കാനും സാധിക്കും. ഡ്യൂട്ടിയിനത്തില്‍ അധികവരുമാനവും ലഭ്യമാകും.

ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി എക്സൈസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ പരിഗണിച്ചാണ്‌ ബ്രൂവറികള്‍ക്കും ബോട്ലിങ് യൂണിറ്റിനും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് മൂന്ന് ബ്രൂവറി തുടങ്ങാന്‍ തത്വത്തില്‍ അനുമതി നല്‍കിയത്. ആവശ്യമായ ബിയറിന്റെ നാല്‍പ്പത് ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന സാഹചര്യത്തില്‍ ബ്രൂവറി യൂണിറ്റിന് അനുമതി നല്‍കുന്നതിലൂടെ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.

പാലക്കാട് ചിറ്റൂര്‍ ഷുഗേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി (ചികോപ്സ്) ലിമിറ്റഡ് പ്രവര്‍ത്തിച്ച സ്ഥലത്ത് വിദേശമദ്യനിര്‍മ്മാണത്തിന് മലബാര്‍ ഡിസ്റ്റിലറീസ് മാനേജര്‍ സമര്‍പ്പിച്ച അപേക്ഷപ്രകാരം അഞ്ച് ലൈന്‍ ബോട്ലിങ് യൂണിറ്റിന് 2018 ആഗസ്ത് 31ന് അനുമതി നല്‍കിയിരുന്നു.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡില്‍ അഡീഷണല്‍ ബോട്ലിങ് ലൈന്‍ തുടങ്ങാന്‍ 2018 ജൂലൈ 24ന് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പമാണ് തൃശൂരില്‍ ബോട്ലിങ് യൂണിറ്റ് ആരംഭിക്കാന്‍ 2018 ജൂലൈ 12ന് അനുമതി നല്‍കിയത്.

ചട്ടപ്രകാരം ബാര്‍ലൈസന്‍സുകള്‍ അനുവദിച്ചതിന് അനുസൃതമായാണ് ആവശ്യകത പരിഗണിച്ച് ബ്രൂവറി യൂണിറ്റിനും ബോട്ലിങ് യൂണിറ്റിനും അനുമതി നല്‍കിയത്. യുഡിഎഫിലെ തമ്മിലടിയുടെയും അഴിമതിയുടെയും പ്രതിഫലനമായാണ് ബാര്‍ലൈസന്‍സുകള്‍ റദ്ദാക്കിയതും അധികം വൈകാതെ ബിയര്‍വൈന്‍ പാര്‍ലറുകളാക്കി ഉത്തരവിറക്കുകയും ചെയ്തത്.

ഈ കാപട്യത്തിന് സംസ്ഥാനം വലിയ വില നല്‍കേണ്ടിവന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു പകരം വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയത് വലിയ പ്രത്യാഘാതങ്ങളാണ് അക്കാലത്തുണ്ടാക്കിയത്.

മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് മനസ്സിലാക്കണം. എക്സൈസ് കമ്മീഷണറുടെ പരിഗണനക്ക് സമര്‍പ്പിച്ച അപേക്ഷകളിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. ബ്രൂവറി, ബോട്ലിങ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള വ്യക്തമായ ശുപാര്‍ശ കമ്മീഷണര്‍ നല്‍കിയിരുന്നു.

കേരള ഫോറിന്‍ ലിക്വര്‍(കോമ്പൌണ്ടിങ് ബ്ളെന്‍ഡിങ് ആന്റ് ബോട്ലിങ്)റൂള്‍സ് 1975, കേരള ബ്രൂവറി റൂള്‍സ് 1967 എന്നിവ പ്രകാരം എക്സൈസ് കമ്മീഷണറാണ് ലൈസന്‍സിങ് അതോറിറ്റി. സര്‍ക്കാര്‍ അനുമതി നല്‍കിയ യൂണിറ്റുകളുടെ കാര്യത്തില്‍ നിയമപരമായ പരിശോധനകളും മറ്റ് നിബന്ധനകളും പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത് കമ്മീഷണറാണ്.

1999ലെ ഉത്തരവ് പുറപ്പെടുവിച്ചത് അന്ന് നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണ്. അത് നിയമത്തിന്റെയോ ചട്ടത്തിന്റെയോ ഭാഗമായി മാറിയിട്ടില്ല. അതുകൊണ്ടുതന്നെ 1999ലെ ഉത്തരവില്‍ നിന്ന് വ്യത്യസ്തമായ തീരുമാനം ചട്ടഭേദഗതിയോ നിയമഭേദഗതിയോ ആവശ്യപ്പെടുന്നില്ല. ബ്രൂവറിയുടെ കാര്യത്തില്‍ 1999ലെ ഉത്തരവ് എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുമില്ല.

പുതിയ ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ 1999ലെ ഉത്തരവില്‍ നിന്ന് വ്യതിചലിക്കുന്ന ഒന്നുമില്ല. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ച് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ഇപ്പോള്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ബ്രൂവറിക്ക് അനുമതി നല്‍കുന്നതില്‍ ഒരുതരത്തിലുള്ള പ്രത്യേക പരിഗണനയും നല്‍കിയിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് മൂന്ന് ബ്രൂവറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവ മൂന്നും യുഡിഎഫ് ഭരണകാലത്താണ് അനുവദിച്ചതും.

മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫ് നയം. ശക്തമായ ബോധവത്കരണത്തിലൂടെ മദ്യപരെ അതില്‍ നിന്ന് വിമുക്തമാക്കണം. വിമുക്തി അടക്കമുള്ള പദ്ധതികളിലൂടെ ആ കാര്യം നല്ല നിലയില്‍ നടക്കുന്നുണ്ട്. മദ്യത്തിന്റെ ആവശ്യകത കുറയ്ക്കണമെങ്കില്‍ തന്നെ മദ്യവര്‍ജ്ജനമാണ് വേണ്ടത്.മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News