ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി നാളെ

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശന നല്‍കണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. പത്തു വയസ്സിനും അമ്പതു വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് നാളെ രാവിലെ 10.30ന് വിധി പ്രസ്താവിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ എ.എം ഖാന്‍വില്‍ക്കര്‍ ഡിവൈ ചന്ദ്രചൂഡ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. സ്ത്രീപ്രവേശനത്തെ സംസ്ഥാനസര്‍ക്കാര്‍ അനുകൂലിച്ചിരുന്നു.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആചാരങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രം തന്ത്രിയുടേയും വാദം. ഏട്ടുദിവസം നീണ്ടുനിന്ന വാദത്തിനുശേഷമാണ് നാളെ വിധി പ്രസ്താവിക്കുന്നത്.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് പ്രധാനമാണെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് വാദത്തില്‍ പറഞ്ഞിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഒരുകാലത്ത് ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത് പോലെ സ്ത്രീകള്‍ക്കും ശബരമില തുറന്നുകൊടുക്കണമെന്നാണ് ഇന്ദിരാ ജെയ്‌സിംഗ് സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

അതേസമയം പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ സമയത്തെ സ്ത്രീ പ്രവേശന വിലക്ക് തുടരുന്നത്. മൂന്ന് ബി റദ്ദാക്കിയാല്‍ അത് ശബരിമലയെ മാത്രമല്ല മുഴുവന്‍ ക്ഷേത്രങ്ങളെയും ബാധിക്കും.

പത്തിനും അന്‍പതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഭരണഘടന നല്‍കുന്ന ആരാധന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണോ എന്നാണ് കോടതി വാദത്തിനിടെ പരിഗണിച്ചത്. സ്്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തൊട്ടുകൂടായ്മയുടേയും ലിംഗ വിവേചനത്തിന്റേയും ഭാഗമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News