കോഴിക്കോടിന്‍റെ സ്വന്തം നീലഗിരി ലോഡ്ജ് ഇനി ഓർമ്മ; ഓർമ്മയാകുന്നത് മലയാളത്തിലെ ഒരു കൂട്ടം സാഹിത്യ പ്രതിഭകളുടെ സംഗമ സ്ഥലം

കോഴിക്കോട് : കോഴിക്കോടിന്‍റെ  സ്വന്തം നീലഗിരി ലോഡ്ജ് ഇനി  ഓർമ്മ. ഒരു കാലത്ത് നഗരത്തിലെത്തുന്ന പ്രമുഖ സാംസ്ക്കാരിക നായകരുടെ ഇടത്താവളം പുതിയ കാലത്തിന് വഴിമാറുന്നു. വാണിജ്യ സമുച്ചയം പണിയാനായി ലോഡ്ജ് പൊളിച്ചു തുടങ്ങി.

മലയാളത്തിലെ ഏക്കാലത്തേയും ജനപ്രിയ ഗാനങ്ങളിലൊന്ന് പിറവിയെടുത്ത കേന്ദ്രം. ഈ പാട്ടിൻറെ ഓർമ്മയ്ക്കായി വയലാറിൻറെ ഫോട്ടോ നീലഗിരി ലോഡ്ജിൻറെ സ്വീകരണ മുറിയിൽ ഇനി ഉണ്ടാവില്ല. ഒപ്പം ഓർമ്മയാകുന്നത് മലയാളത്തിലെ അതികായരായ ഒരു കൂട്ടം സാഹിത്യ പ്രതിഭകളുടെ സംഗമ സ്ഥലവും.

തകഴി, വയലാർ, വി കെ എൻ, കടമനിട്ട, കാക്കനാടൻ, പത്മരാജൻ, അടൂർ തുടങ്ങി കോഴിക്കോടെത്തുന്നവർ പടി കയറി എത്തിയത് നീലഗിരിയുടെ ശാന്തത തേടിയാണ്.

8 പതിറ്റാണ്ട് മുമ്പ്  രാമദാസ് വൈദ്യരുടെ അച്ഛൻ നീലകണ്ഠൻ വൈദ്യരാണ് റെയിൽവെ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽ ലോഡ്ജ് പണിതത്. 24 മുറികളുള്ള ഇവിടെ 75 മുതൽ 200 രൂപ വരെയായിരുന്നു വാടക. നീലഗിരിയുടെ ഓർമ്മകൾ നിലനിർത്താനുള്ള ശ്രമം ഉണ്ടാകുമെന്ന് രാമദാസ് വൈദ്യരുടെ മകൻ ഡോക്ടർ മനോജ് കാളൂർ പറഞ്ഞു

കാലപഴക്കത്താൽ പൊളിഞ്ഞു തുടങ്ങിയ കെട്ടിടം നാല് നിലയുള്ള വാണിജ്യ സമുച്ചയത്തിന് വഴിമാറുകയാണ്. അധികം വൈകാതെ പുതിയ കെട്ടിടത്തിൻറെ നിർമ്മാണം ആരംഭിക്കും.

ഒരുകാലത്ത് കോഴിക്കോടെത്തുന്ന  സാംസ്ക്കാരിക നായകരുടെ പ്രധാന വിശ്രമ കേന്ദ്രമാണ് നീലഗിരി പൊളിക്കുന്നതോടെ ഓർമ്മയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News