‘ആരെ ഭാരവാഹിയാക്കുന്നു, എങ്ങനെ ആക്കുന്നു എന്നത് കോൺഗ്രസ‌് പാർടിയുടെ ആഭ്യന്തരകാര്യമാണ്; എങ്കിലും’; കെപിസിസിയിലെ നേതൃമാറ്റത്തെ വിലയിരുത്തി കോടിയേരി

കെപിസിസിക്ക് പുതിയ ഭാരവാഹികളെ കോൺഗ്രസ‌് അധ്യക്ഷൻ നിയമിക്കുകയും അവർ ചുമതലയേൽക്കുകയും ചെയ്തിരിക്കുകയാണല്ലോ. കോൺഗ്രസ‌് വലിയ ജനാധിപത്യ പാർടിയാണെന്ന് സ്വയം അവകാശപ്പെടുന്നു. പക്ഷേ ജനാധിപത്യം പഴങ്കഥയായി. കോൺഗ്രസ‌് അധ്യക്ഷന്റെ ‘ഇഷ്ടവും’ സ്വേച്ഛാധിപത്യവും ജനാധിപത്യത്തിന് വഴിമാറി. രാഹുൽ ഗാന്ധിയുടെ നോമിനേഷനിലൂടെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റും മറ്റു മൂന്നുപേർ വർക്കിങ‌് പ്രസിഡന്റുമാരുമായിരിക്കുന്നത്.

കെപിസിസിയുടെയോ മറ്റേതെങ്കിലും ഘടകത്തിന്റെയോ യോഗമോ സമ്മേളനമോ ചേർന്നോ സംഘടന അംഗീകരിച്ച ഭരണഘടനപ്രകാരമുള്ള തെരഞ്ഞെടുപ്പിലൂടെയോ അല്ല ഭാരവാഹികൾ വന്നിരിക്കുന്നത്. രാഹുലിന്റെ കൃപാകടാക്ഷത്താൽ കസേര കിട്ടിയിരിക്കുന്നവരാണ് ഇവരെല്ലാം. ആരെ ഭാരവാഹിയാക്കുന്നു, എങ്ങനെ ആക്കുന്നു എന്നത് കോൺഗ്രസ‌് പാർടിയുടെ ആഭ്യന്തരകാര്യമാണ്. എങ്കിലും വലിയ ജനാധിപത്യപാർടിയാണ് തങ്ങളുടേതെന്ന അവകാശവാദം മുഴക്കുമ്പോൾ അതിനുനേരെ പൊന്തിവരുന്ന വൈരുധ്യം മറയ്ക്കാൻ പറ്റുന്നതല്ല.

കേരളത്തിലെ കോൺഗ്രസിൽ പുതിയ ചലനം ഉണ്ടാകുമെന്നാണ് പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന‌് പാഠംപഠിച്ച് മുന്നേറാൻ രാഹുൽ ഗാന്ധി നിർദേശിച്ചിട്ടുമുണ്ട്.

പക്ഷേ, എം എം ഹസ്സനെ മാറ്റി മുല്ലപ്പള്ളിയെ നിയമിച്ചതുകൊണ്ട് കോൺഗ്രസ‌് കേരളത്തിൽ പടുകുഴിയിൽനിന്ന‌് കരകയറില്ലെന്നാണ് കോൺഗ്രസ‌് നേതാക്കൾ പോലും ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റിന്റെ പ്രാപ്തിക്കുറവ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനാണോ മൂന്ന‌് വർക്കിങ‌് പ്രസിഡന്റുമാരെ നിയമിച്ചതെന്ന് ചോദിക്കുന്നത‌് കോൺഗ്രസിനുള്ളിൽനിന്നുതന്നെയാണ്. വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മോഡി ഭരണം അവസാനിപ്പിക്കുമെന്നും കേരളത്തിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കുമെന്നും മുല്ലപ്പള്ളി അവകാശവാദമുന്നയിക്കുന്നുമുണ്ട‌്.

മോഡിഭരണത്തിന് അന്ത്യംകുറിക്കാൻ ഇന്ത്യൻ ജനത ഒരുങ്ങിക്കഴിഞ്ഞുവെന്നത് വസ്തുതയാണ്. അത്രമാത്രം ജനവിരുദ്ധനടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്. റഫേൽ പോർവിമാന ഇടപാടിലെ അഴിമതി മോഡി സർക്കാരിനെ കടുത്ത വിഷമവൃത്തത്തിലാഴ‌്ത്തിയിരിക്കുകയാണ‌്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോർപറേറ്റ് ചങ്ങാത്തമാണ് അഴിമതിയുടെ കളമൊരുക്കിയത്.

റഫേൽ നിർമാതാക്കളായ ദസ്സാൾട്ട‌് കമ്പനി ഇന്ത്യയിലെ നിർമാണപങ്കാളിയായി പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ‌്റോനോട്ടിക്സുമായി (എച്ച്എഎൽ) കരാർ ഉറപ്പിച്ചിരുന്നു. അത് തകിടംമറിഞ്ഞത് നരേന്ദ്ര മോഡിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഓളന്ദും തമ്മിലുള്ള കരാർ പ്രഖ്യാപനത്തോടെയാണെന്നതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാസ്ഥാപനത്തെ തഴഞ്ഞ് കോർപറേറ്റ് കമ്പനിയായ റിലയൻസിന് രംഗപ്രവേശനമേകി. ഇതടക്കമുള്ള വൻ അഴിമതികൾ മോഡി സർക്കാരിനെ വരുന്ന തെരഞ്ഞെടുപ്പിൽ വേട്ടയാടുകയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമാകുകയും ചെയ്യും.

ഇതിനുള്ള ക്യാമ്പയിന് കോൺഗ്രസ‌് ഇതര പ്രതിപക്ഷം നേതൃത്വം നൽകുമ്പോഴാണ് ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാകുക. മറിച്ച് കോൺഗ്രസാണെങ്കിൽ കാര്യങ്ങൾ തകിടംമറിയും. കാരണം, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അധികാരത്തിലിരിക്കുമ്പോൾ ഭരണത്തെ അഴിമതിക്കായി മാറ്റുന്ന കലയിൽ അഗ്രഗണ്യരാണ് കോൺഗ്രസ‌്. ബൊഫോഴ‌്സ‌്, 2 ജി സ്പെക്ട്രം, ആദർശ് ഫ്ളാറ്റ് കുംഭകോണം, കോമൺവെൽത്ത് അഴിമതിമുതൽ സോളാർ അഴിമതിവരെ കോൺഗ്രസിന് ജനങ്ങൾ നൽകിയിരിക്കുന്നത് പ്രതിക്കൂടാണ്. അതായത്, മോഡിഭരണത്തിലെ അഴിമതി തുറന്നുകാട്ടാനുള്ള ക്യാമ്പയിൻ കോൺഗ്രസിനെ മുന്നിൽനിർത്തി ചെയ്താൽ അതിന‌് വേണ്ടത്ര ഫലം കിട്ടില്ലെന്ന‌് സാരം.

അതുപോലെ, കോൺഗ്രസിന്റെ മൃദുഹിന്ദുത്വനയവും ബിജെപി‐ ആർഎസ്എസ് ശക്തികളെ തളയ‌്ക്കുന്നതിനുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ്. ഈ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റുകാർ നയിക്കുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രസക്തി വർധിക്കുന്നു. ഇത് തിരിച്ചറിയാനും യുഡിഎഫിനെയും ബിജെപി മുന്നണിയെയും പരാജയപ്പെടുത്തി എൽഡിഎഫിന് വലിയ മുന്നേറ്റം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നൽകാനും കേരളജനത മുന്നോട്ടുവരും.

സി കെ ഗോവിന്ദൻനായർക്ക് ശേഷം മലബാറിൽനിന്നുള്ള ആദ്യ കെപിസിസി അധ്യക്ഷൻ എന്ന വിശേഷണം മുല്ലപ്പള്ളിക്ക് നൽകുന്നുണ്ട്. വർഗീയശക്തികൾക്ക് വഴങ്ങാത്തതായിരുന്നു സി കെ ഗോവിന്ദൻ നായരുടെ രാഷ്ട്രീയശൈലി. മുസ്ലിംലീഗുമായുള്ള ചങ്ങാത്തത്തിന്റെ ആപത്ത് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം ആശയപരവും രാഷ്ട്രീയവുമായ നിലപാട് പുതിയ കെപിസിസി പ്രസിഡന്റിൽനിന്നോ പുനഃസംഘടിപ്പിക്കപ്പെടുന്ന കെപിസിസിയിൽനിന്നോ ഉണ്ടാകുമെന്ന് കരുതാനാകില്ലല്ലോ.

മുല്ലപ്പള്ളി പല കാര്യങ്ങളിലും സുധീരന്റെ സ്കൂളിൽപ്പെടുന്നയാളാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് അഞ്ചാംമന്ത്രിക്ക് മുസ്ലിംലീഗ് പ്രഖ്യാപനം നടത്തിയപ്പോൾ അതിനെ പരസ്യമായി എതിർത്ത ആളാണ് മുല്ലപ്പള്ളി. ലീഗിന്റെ കോണിയും പച്ചക്കൊടിയും ഇല്ലായിരുന്നെങ്കിൽ ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിന്റെ പടികാണില്ലായിരുന്നെന്നും പുതുപ്പള്ളിയിൽ സൈക്കിൾ ടയർ ഉരുട്ടി നടന്നേനെയെന്നുമാണ് ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞത്. അങ്ങനെ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതിനുള്ള പണിക്കൂലിയായിട്ടാണ് അഞ്ചാംമന്ത്രിയെ ചോദിച്ചത്.

പക്ഷേ, അത് കൊടുക്കില്ലെന്നും കൊടുത്താൽ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്നും ഇന്ദിരാഭവനിൽ ചേർന്ന കെപിസിസി ഉച്ചകോടി പ്രഖ്യാപിച്ചു. അതിന് ഹൈക്കമാൻഡ‌് തുല്യംചാർത്തുകയും ചെയ്തു. ലീഗിന്റെ അപ്രമാദിത്വത്തിന് കീഴടങ്ങാതിരിക്കുന്നതിനുള്ള ഈ നീക്കത്തിൽ മുല്ലപ്പള്ളിയും ഉണ്ടായിരുന്നു. എന്നാൽ, അന്ന് ഇരുപത് എംഎൽഎമാരുടെ ബലത്തിൽ പാണക്കാട് ഹൈദരാലി തങ്ങൾ ഉഗ്രശാസനം നൽകിയപ്പോൾ കോൺഗ്രസിന്റെ നട്ടെല്ല് വാഴപ്പിണ്ടിയിൽ തീർത്തതാണെന്ന കാര്യം പരസ്യപ്പെട്ടു.

2012 ഏപ്രിൽ 12ന് അഞ്ചാംമന്ത്രി വന്നു. ഈ ഏട് ഓർമിപ്പിക്കുന്നത് മുസ്ലിംലീഗ് എങ്ങനെ യുഡിഎഫിന്റെ തലയായി തുടരുന്നുവെന്നത് ചൂണ്ടിക്കാണിക്കാനാണ്. യുഡിഎഫിന്റെ തലയായി മുസ്ലിംലീഗ് തുടരുന്ന ശൈലിക്ക് അറുതിവരുത്താൻ കെപിസിസിയുടെ പുതിയ ടീമിന് കഴിയുമോ? കോൺഗ്രസും യുഡിഎഫും രാഷ്ട്രീയമായും സംഘടനാപരമായും ഏറെ ദുർബലമാണ്. ഈ ദൗർബല്യം അതിജീവിക്കാൻ മത‐ജാതി വർഗീയ സംഘടനകളുടെ വിനീതവിധേയത്വമാണോ നയമായി കോൺഗ്രസ‌് ഇനിയും സ്വീകരിക്കുക എന്ന ചോദ്യം പ്രസക്തമാണ്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തം നേരിട്ട കേരളത്തെ പുതുകേരളമാക്കുന്നതിനുള്ള ശ്രമകരമായ ദൗത്യത്തിനാണ് എൽഡിഎഫ് സർക്കാർ നേതൃത്വം നൽകുന്നത്. നവകേരള നിർമിതിക്കുള്ള ഈ ദൗത്യത്തിൽ രാഷ്ട്രീയവിദ്വേഷമില്ലാതെ കോൺഗ്രസുകാരെയും അനുഭാവികളെയും പങ്കെടുപ്പിക്കാനുള്ള ഉത്തരവാദിത്തം കെപിസിസി നിർവഹിക്കുമോ എന്നത് പ്രധാനമാണ്. തന്റെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയം മുല്ലപ്പള്ളിക്ക് ഇക്കാര്യത്തിൽ തടസ്സമാകുമോ എന്നത് വരുംകാലനടപടികൾ ബോധ്യപ്പെടുത്തും.

പുനരധിവാസത്തിനും ദുരിതാശ്വാസത്തിനും പ്രത്യേക സഹായത്തിനുമായി അയ്യായിരംകോടി രൂപ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി നേരിൽ ചോദിച്ചു. ഇതടക്കം നേടിയെടുക്കാനും വിദേശധനസഹായം കേരളത്തിന് വാങ്ങാനുള്ള കേന്ദ്ര അനുമതിക്കും കൂട്ടായ സമ്മർദം ആവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ എൽഡിഎഫ് സർക്കാരിനൊപ്പം നിൽക്കാനുള്ള ധാർമിക ഉത്തരവാദിത്തം സംസ്ഥാനത്തെ പ്രതിപക്ഷത്തിനുണ്ട്. അത് നിറവേറ്റാൻ കെപിസിസി മുൻകൈയെടുക്കുമോ. അതുപോലെ, സർക്കാർ ഉദ്യോഗസ്ഥരുടെ ‘സാലറി ചലഞ്ചി’നെ വിഭാഗിയതയുടെയും സങ്കുചിതരാഷ്ട്രീയത്തിന്റെയും പോർക്കളമാക്കാനുള്ള പ്രതിപക്ഷ ആഭിമുഖ്യ സർവീസ് സംഘടനകളുടെ നീക്കം വിപൽക്കരമാണ്.

ഇത്തരം കാര്യങ്ങളിൽ ഇടപെടാനും പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തെ പുതുക്കിപ്പണിയാനുള്ള സംസ്ഥാന സർക്കാരിന്റെ മഹായജ്ഞത്തിൽ എല്ലാവിഭാഗത്തിൽപ്പെട്ടവരെയും തുറന്നമനസ്സോടെ പങ്കെടുപ്പിക്കാനും എല്ലാ രാഷ്ട്രീയപാർടികളും മുന്നോട്ടുവരണം. ഇക്കാര്യത്തിൽ കെപിസിസിയുടെ പുതിയ നേതൃത്വത്തിന്റെ ചുവടുവയ്പുകൾ കേരളം ശ്രദ്ധയോടെ വീക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News