
റഫേല്‍ കരാറില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. റഫേലിന്റെ അടിസ്ഥാന വില ഉയര്‍ന്നതാണന്ന് ചൂണ്ടികാട്ടി വ്യോമയാന ഫിനാന്‍സ് മാനേജര്‍ എ.ആര്‍.സുലെയും വിയോജനകുറിപ്പ് എഴുതി.
നേരത്തെ ജോയിന്റ് സെക്രട്ടറി രാജീവ് വര്‍മ്മയുടെ എതിര്‍പ്പ് പുറത്ത് വന്നിരുന്നു.കോണ്‍ഡ്രാക്ട് നെഗോസിയേഷന്‍ കമ്മിറ്റിയംഗങ്ങളായ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടക്കാന്‍ പുതിയ ഫോര്‍മുല നടപ്പില്‍ വരുത്തിയാണ് എന്‍ഡിഎ സര്‍ക്കാര്‍ വില നിശ്ചയിച്ചത്.
5.2 ബില്യണ്‍ ഡോളര്‍ അടിസ്ഥാന വിലയാക്കിയാണ് 2015-2016 വര്‍ഷം റഫേല്‍ കരാറിന്റെ ചര്‍ച്ച ആരംഭിച്ചത്. കരാര്‍ ഒപ്പിടുമ്പോള്‍ വില 8.2 ബില്യണ്‍ ഡോളറിലെത്തി. അടിസ്ഥാന വില ഉയര്‍ന്നതിനെതിരെ വ്യോമയാന ഫിനാന്‍സ് മാനേജര്‍ എ.ആര്‍.സുലെ ഫയലില്‍ കുറിപ്പെഴുതി.
കോണ്‍ഡ്രാക്ട് നെഗോസിയേഷന്‍ കമ്മിറ്റിയംഗമായ ജോയിന്റ് സെക്രട്ടറി രാജീവ് വർമ്മയുടെ വിയോജനകുറിപ്പിന് പുറമെയാണ് ഫിനാന്‍സ് മാനേജര്‍ കൂടി എതിര്‍പ്പ് വ്യക്തമാക്കിയിരുന്നത്.
ഇത് മറികടക്കാന്‍ അടിസ്ഥാന വില നിര്‍ണ്ണയത്തിന് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ ഫോര്‍മുല തയ്യാറാക്കി. നെഗോസിയേഷന്‍ കമ്മിറ്റിയംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം എന്ന നിലയില്‍ 8.2 ബില്യണ്‍ ഡോളറിന് കരാര്‍ ഉറപ്പിച്ചു.
റഫേലിനൊപ്പം അവസാന നിമിഷം വരെ കരാറിന് വേണ്ടി ശ്രമിച്ച യൂറോപ്യന്‍ കമ്പനിയുടെ യൂറോഫൈറ്റ് വിമാനങ്ങള്‍ 20 ശതമാനം വരെ വില കുറയ്ക്കാന്‍ തയ്യാറായി.ഇത് ചൂണ്ടികാണിച്ചാണ് തതുല്യമായ വില കുറവ് റഫേലിന് വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. അതേ സമയം വിയോജനകുറിപ്പ് ഉണ്ടാകുന്നത് സാധാരണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here