ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വാദങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരുകള്‍ക്കുണ്ടെന്ന വാദമാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ്ഗുപ്ത വാദിച്ചത്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുന്ന കേരളാഹിന്ദുആരാധനാലയ പ്രവേശന നിയമത്തിലെ 3 ബി വകുപ്പ് മാറ്റിവായിച്ചാല്‍ മതിയാകുമെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്നത് കൊണ്ട് മാത്രം സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് തുടരണമെന്ന വാദം നിലനില്‍ക്കില്ല. നൈഷ്ഠികബ്രഹ്മചാരിയായിരുന്ന ശങ്കരാചാര്യരുടെ ശിഷ്യരില്‍ പലരും സ്ത്രീകളായിരുന്നു. ശബരിമലയിലെ വിശ്വാസികള്‍ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേകവിഭാഗമാണെന്ന വാദത്തിന് അടിസ്ഥാനമല്ലെന്നും ജയ്ദീപ്ഗുപ്ത പറഞ്ഞു.

മനുഷ്യര്‍ക്ക് അവകാശപ്പെട്ട എല്ലാ അവകാശങ്ങളും ശബരിമല അയ്യപ്പനുമുണ്ടെന്ന വാദം തെറ്റാണെന്ന് കേസില്‍ അമിക്കസ്‌ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ രാജുരാമചന്ദ്രന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഭരണഘടനയുടെ 25ാം അനുച്ഛേദത്തില്‍ മതവിശ്വാസങ്ങള്‍ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ കുറിച്ചാണ് പറയുന്നത്. ഈ രണ്ട് അവകാശങ്ങളും മനുഷ്യരുമായി ബന്ധപ്പെട്ടാണുള്ളതെന്ന വസ്തുത വ്യക്തമാണെന്നും അദ്ദേഹം വാദവേളയില്‍ പറഞ്ഞിരുന്നു.

കേസില്‍ ജനാധിപത്യമഹിളാഅസോസിയേഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥ്, മുതിര്‍ന്ന അഭിഭാഷക ഇന്ദിരാജയ്‌സിങ്ങ് തുടങ്ങിയവരും വാദങ്ങള്‍ അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here