ചേര്‍ത്തലയില്‍ നിന്ന് ഒളിച്ചോടിയ അധ്യാപികയെയും പത്താം ക്ലാസുകാരനെയും കണ്ടെത്തി; ഇരുവരും അടുപ്പത്തിലായത് അധ്യാപികയുടെ വീട്ടിലെ ട്യൂഷന്‍ പഠനത്തിനിടെ

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് ഒളിച്ചോടിയ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ഥിയെയും കണ്ടെത്തി.

ചെന്നൈയില്‍ നിന്നാണ് മുഹമ്മ പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രിയോടെ ഇവരെ നാട്ടിലെത്തിക്കും. ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവരെ ചെന്നൈയില്‍ നിന്ന് കണ്ടെത്തിയത്.

ഞായറാഴ്ചയാണ് തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40കാരിയായ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതായത്.

വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയാണ് മുഹമ്മ പൊലീസില്‍ ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെയും കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെയാണ് ഇരുവരും ഒന്നിച്ച് ഒളിച്ചോടിയതാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

പിന്നീടുള്ള അന്വേഷണം ഇരുവരുടെയും ഫോണ്‍വിളികളെ അടിസ്ഥാനമാക്കിയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. ഇവിടെ നിന്നാണ് ഇവര്‍ ചെന്നൈയിലെത്തിയത്. വിവരം അറിഞ്ഞെത്തിയ മുഹമ്മ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.

ചേര്‍ത്തല സ്വദേശിയായ അധ്യാപിക വിവാഹബന്ധം വേര്‍പിരിഞ്ഞു കഴിയുകയാണ്.

അധ്യാപികയുടെ വീട്ടില്‍ വച്ചുള്ള ട്യൂഷന്‍ പഠനത്തിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. സംഭവം അറിഞ്ഞ വിദ്യാര്‍ഥിയുടെ വീട്ടുകാര്‍, അധ്യാപികയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ശേഷമാണ് ഇരുവരെയും കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News