പാക്കിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; പണം കണ്ടെത്താന്‍ നവാസ് ഷെരീഫിന്‍റെ എരുമകളെ ലേലത്തില്‍ വച്ച് ഇമ്രാന്‍ ഖാന്‍

അധികാരത്തിലേറിയ ശേഷം ഇമ്രാന്‍ ഖാന്‍ നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയാണ് പാക്കിസ്ഥാന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്നത്.

പാക്കിസ്ഥാന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചിലവുകളെല്ലാം വെട്ടിച്ചുരുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. വരുമാനം വര്‍ദ്ധിപ്പിച്ചും അനാവശ്യ ചിലവുകള്‍ വെട്ടിച്ചുരുക്കിയും പിടിച്ച് നില്‍ക്കാനുള്ള വ‍ഴി തേടുകയാണ് ഇമ്രാന്‍ ഖാന്‍.

ഏറ്റവും ഒടുവിലായി പാചകാവശ്യത്തിനായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന എട്ട് എരുമകളെയാണ് ഇമ്രാൻ ഖാൻ ലേലത്തിലൂടെ കാശാക്കിയത്.

എരുമകളെ ലേലത്തിലൂടെ വിറ്റ് 23,02,000 രൂപയാണ് ഇമ്രാന്‍ ഖാന്‍ ഖജനാവിലേക്ക് എത്തിച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ ലേലം പൂർത്തിയായി. ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് നിബന്ധന വെച്ചിരുന്നു.

ഖൽബ് അലി എന്ന ഷരീഫ് അനുയായി 3.85 ലക്ഷം രൂപയാണ് ഒരു എരുമയ്ക്കായി ചിലവഴിച്ചത്. 1.2 ലക്ഷമായിരുന്നു ഈ എരുമയുടെ വില.

നവാസ് ഷെരീഫുമായി വൈകാരിക ബന്ധമുള്ളവര്‍ കൂടുതല്‍ വില കൊടുത്ത് തങ്ങളുടെ നേതാവിന്‍റെ എരുമകളെ വാങ്ങുകയായിരുന്നു.

“നവാസ് ഷെരീഫിനോടുളള എന്റെ സ്നേഹം കൊണ്ടാണ് ഞാൻ ഈ എരുമയെ വാങ്ങിയത്. നവാസ് ഷെരീഫിന്‍റെയും മറിയം ഷെരീഫിന്‍റെയും അടയാളമായി ഞാനീ എരുമയെ സംരക്ഷിക്കും,” ഇരട്ടിയിലേറെ തുക നല്‍കി എരുമകളെ സ്വന്തമാക്കിയ അലി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel