മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്ന് തുടങ്ങിയ പോരാട്ട കഥ ‘ചാലക്കുടിക്കാരൻ ചങ്ങാതി’: റിവ്യൂ വായിക്കാം

സിനിമയെ വെല്ലുന്ന ജീവിതമാണ് മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ജീവിതം. നിറഞ്ഞ ചിരിയും ഉള്ളിലെ നന്മയെയും ഓരോ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ആ ചിരി മാഞ്ഞ് രണ്ട് വർഷം തികയുമ്പോളാണ് കലാഭവൻ മണിയുടെ ഗുരു വിനയൻ ശിഷ്യന് ആദരവായി ചാലക്കുടിക്കാരൻ ചങ്ങാതി ഒരുക്കുന്നത്.

ദാരിദ്ര്യത്തില്‍ വളര്‍ന്ന ഒരു യുവാവ്. ചെറുപ്പം മുതല്‍തന്നെ അവന്‍ കലയെ സ്‌നേഹിച്ചു. പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ചുതുടങ്ങി.

അങ്ങനെ വളര്‍ന്ന് അത് മനുഷ്യനെയും മറ്റുപലതിനെയും അനുകരിക്കുന്നതിലേക്കുയര്‍ന്നു. അത് ചെന്നെത്തുന്നത് അഭ്രപാളികളില്‍.

ഈ കാലയളവില്‍ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങള്‍, പ്രണയം… വലിയ നിലയിലേക്കുയര്‍ന്നിട്ടും നേരിട്ട അവഗണന, തിക്താനുഭവങ്ങള്‍… ചിത്രത്തിൽ വ്യക്തമായി തുറന്നു കാണിക്കാൻ വിനയൻ എന്ന സംവിധായകൻ മറന്നിട്ടില്ല.

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച മണി ഒരു ദിവസം പെട്ടന്ന് മലയാളികളെ കണ്ണീരിലാഴ്ത്തി ഓർമ്മയായി ഇത് വെള്ളിത്തിരയിലേക്ക് വന്നപ്പോൾ ഓരോ മലയാളികളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്ന്, പട്ടിണിയില്‍ നിന്ന്, കറുത്തവനായതിന്റെ പേരിലുള്ള പുച്ഛിച്ചു തള്ളലുകളില്‍ നിന്ന് അയാള്‍ ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി ഉയര്‍ന്ന ആ ജീവിതം, ഏതോ ചാലക്കുടിക്കാരന്‍ സിനിമയില്‍ വിനയൻ പറയുന്നത്.

പട്ടിണി കിടന്ന ഒരു കറുത്ത ബാലന്റെ സ്വപ്നവും പിന്നീട് അവൻ എത്തിപിടിക്കുന്ന സ്വപ്നത്തിന്റെ അപ്പുറമുള്ള ജീവിതവും പിന്നീട് എവിടേയോ വച്ച് ജീവിതം പാളി പോകുന്നതിന്റെയും നേർക്കാഴ്ചയാണ് സിനിമ.

കണ്ണ് നിറക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. മണിയായി വേഷമിട്ട സെന്തിൽ കൃഷ്ണയുടെ അഭിനയ മികവ് പറയാതിരിക്കാൻ സാധിക്കില്ല. മണിയുടെ ആത്മാവിൽ തൊട്ടുള്ള അഭിനയമായിരുന്നു സെന്തിൽ കാഴ്ചവച്ചത്.

ഇത് കലാഭവൻ മണി എന്ന നടന്റെ പ്രേക്ഷകർ അറിഞ്ഞതും അറിയാത്തതുമായ പോരാട്ടത്തിന്റെ കഥയാണ്. ഒരു ചാലക്കുടിക്കാരന്‍ നാട്ടുപ്പുറത്തുകാരന്‍റെ പരിമിതമായ അറിവിലും നിഷ്കളങ്കതയിലും നിന്ന് കൊണ്ടാണെങ്കിലും ആ ജീവിതമുടനീളം അയാള്‍ പോരാടിയതും കറുത്തവനെന്ന ലേബലിലുള്ള അടിച്ചമര്‍ത്തലുകളോടായിരുന്നു.

പക്ഷേ ആ പോരാട്ടത്തില്‍ തോറ്റു പോയ ഒരു മണിയെ കൂടി കാണിച്ചു തരികയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം.

മണിയുടെ ചെറുപ്പകാലം , അദ്ദേഹം നേരിട്ട ജാതി വിവേചനങ്ങള്‍, തകര്‍ന്നു പോയ പ്രണയങ്ങള്‍….താര-സംവിധായക സംഘടനകളെ കുറിച്ചും സിനിമയിലെ ജാതിമേല്‍ക്കൊയ്മയെ കുറിച്ചും ശത്രുപക്ഷത്തു ചേര്‍ന്ന ചങ്ങാതിയെ കുറിച്ചുമൊക്കെ പറഞ്ഞു പോവുന്നതിനൊപ്പം ഈ ഘടകങ്ങളെല്ലാം മണിയുടെ ജീവിതത്തെ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നതെന്ന് ചിത്രത്തിൽ പറയുന്നുണ്ട്.

പുതുമുഖമായ സെന്തിലിനൊപ്പം സലിംകുമാര്‍, ജോയ് മാത്യു, ധര്‍മജന്‍, ടിനി ടോം, സുധീര്‍ കരമന, സുനില്‍ സുഗദ, രമേഷ് പിഷാരടി, കൊച്ചു പ്രേമന്‍, ഗിന്നസ് പക്രു, ശ്രീജിത്ത് രവി , വിഷ്ണു ഗോവിന്ദന്‍, ജോജു , മറിമായം ശ്രീകുമാര്‍, നിഹാരിക, രേണു, ഹണി റോസ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മണിയുടെ അച്ഛന്റെ വേഷത്തിൽ എത്തിയ സലിം കുമാര്‍ വളരെ വൈകാരികമായി ആ കഥാപത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.

എപ്പോഴും പട്ട പുറത്തു ജീവിക്കുന്ന മണിയുടെ അച്ഛന്റെ വേഷത്തിലെത്തിയ സലീം കുമാറും സുഹൃത്തുക്കളായെത്തിയ ധര്‍മ്മജനും വിഷ്ണുവുമൊക്കെ സിനിമയുടെ കഥാഗതിയിൽ വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News