വിശ്വാസികൾക്കിടയിൽ തരം തിരിവ്‌ പാടില്ല; സുപ്രീം കോടതിയുടേത്‌ ചരിത്രവിധി

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധി സ്വാഗതാർഹവും വിവേചനം അവസാനിപ്പിക്കാൻ പര്യാപ്തവുമാണ്. ക്ഷേത്രപ്രവേശനത്തിൽ വിവേചനം പാടില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമാണെന്നുമുള്ള മുതലാളിത്തപൂർവ്വ സാമൂഹിക സാഹചര്യത്തിനെതിരായ പോരാട്ടത്തിന് നീണ്ടകാല ചരിത്രമുണ്ട്.

ദളിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായി നടത്തിയ പോരാട്ടത്തിന്റെ വിജയം ആധുനിക കേരളസൃഷ്ടിയിൽ സുപ്രധാനമായ പങ്കാണ് വഹിച്ചത്. ജാതിവിവേചനത്തിനെതിരായ പോരാട്ടം മാത്രമല്ല, സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയും സമരം നടന്നിട്ടുണ്ട്. ജാതിവിവേചനം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുമ്പോഴും കേരളം അതിൽ നിന്ന് വ്യത്യസ്തമാണെന്ന് അഭിമാനത്തോടെ മലയാളികൾക്ക് പറയാനാവും.

ക്ഷേത്രത്തിൽ കയറിയാൽ ദളിതനെ ചുട്ടുകൊല്ലുന്ന രീതി മലയാളികളുടെ നാട്ടിലില്ല. എന്നാൽ ശബരിമലയിൽ നിശ്ചിതപ്രായത്തിലുള്ള സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം ആധുനിക കാലത്ത് നിഷേധിക്കുന്നത് ഏറെ ചർച്ചചെയ്യപ്പെട്ടു.

ഭരണഘടനയുടെ മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ശ്രീകോവിലുകൾക്ക് മുന്നിലും സ്ത്രീയും പുരുഷനും തുല്യർ തന്നെയാണെന്നതാണ് പരിഷ്‌കൃതസമൂഹത്തിന് ചേർന്ന ഈ വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

2006 ൽ ആരംഭിച്ച നിയമപോരാട്ടത്തിനാണ്‌ ഒരു വ്യാഴവട്ടക്കാലത്തിനുശേഷം തീർപ്പുണ്ടായിരിക്കുന്നത്‌. ആരാധനാ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണ്‌. സമൂഹത്തിലെ എല്ലാ പുരുഷന്മാരും ശബരിമലയിൽ പോകുന്നില്ല.

എന്നാൽ ആഗ്രഹിക്കുന്ന വിശ്വാസികളായ എല്ലാ പുരുഷന്മാരും ശബരിമലയിൽ പോവുകയും ചെയ്യുന്നു. ആരേയും നിർബന്ധിക്കേണ്ടതില്ല. ആഗ്രഹമുള്ള സ്ത്രീ വിശ്വാസികളും ശബരിമല കയറട്ടെ. ആഗ്രഹമില്ലാത്തവരും കഴിയാത്തവരും പോകണ്ട.

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ വിശ്വാസത്തിനോ പുരുഷനോ ഒരു ദോഷവും ഉണ്ടാകാൻ പോകുന്നില്ല. വിശ്വാസികൾക്കിടയിൽ തരം തിരിവ്‌ പാടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News