ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനം കാ‍ഴ്ചവച്ച ഡോക്ടർമാരെ ആദരിക്കാൻ കെരളിപീപ്പിൾ ടിവി ഏർപ്പെടുത്തിയ ഡോക്ടേ‍ഴ്സ് അവാർഡ് 2018 ഇന്ന് വിതരണം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.

സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും സന്നദ്ധപ്രവർത്തനരംഗത്തും മികച്ച പ്രവർത്തനം കാ‍ഴ്ചവച്ച ഡോക്ടർമാരെ ആദരിക്കാൻ കെരളിപീപ്പിൾ ടിവി ഏർപ്പെടുത്തിയ പുരസ്ക്കാരമാണ് ഡോക്ടേ‍ഴ്സ് അവാർഡ്. ഈ വർഷത്തെ പുരസ്ക്കാര വിതരണം ഇന്ന് 2.30ന് തിരുവനന്തപുരം ഹിൽട്ടണ്‍ ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും..

കൈരളി ടി വി ചെയർമാൻ മമ്മൂട്ടി പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടർ ജോണ്‍ബ്രിട്ടാസ് ആമുഖപ്രഭാഷണം നടത്തും.എൽ ഡി എഫ് കണ്‍വീനറും കൈരളി ടി വി ഡയറക്ടറുമായ എ വിജയരാഘവൻ ഡയറക്ടർമാരായ സി കെ കരുണാകരൻ,വി കെ മുഹമ്മദ് അഷ്റഫ്,എ കെ മൂസ മാസ്റ്റർ,ടി ആർ അജയൻ,അഡ്വ.എം എം മോനായി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

പുരസ്ക്കാരങ്ങൾക്കായി വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ലഭ്യമായ
അപേക്ഷകളിൽ നിന്നും ഡോ.ബി ഇക്ബാൽ,ഡോ.രാജശ്രീവാര്യർ എന്നീ ജൂറി അംഗങ്ങൾ തെരഞ്ഞെടുത്ത ഡോക്ടർമാർക്കാണ് പുരസ്ക്കാരം നൽകി ആദരിക്കുന്നത്.