കേരളത്തിന് പ്രളയകാലത്ത് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ സൗജന്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അധിക ഭക്ഷ്യവസ്തുക്കളുടെ പണം ദുരിതാശ്വാസ സഹായത്തില്‍നിന്ന് ഈടാക്കുമെന്ന് ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു.

നേരത്തെ സൗജന്യമെന്ന് പറഞ്ഞായിരുന്നു കേന്ദ്രം ഭക്ഷ്യധാന്യം അനുവദിച്ചത്. പ്രളയത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സർക്കാർ തീരുമാനം തിരിച്ചടിയാണ്.

ഓഗസ്റ്റ് 21ന് സൗജന്യമെന്ന് പറഞ്ഞ് കേരളത്തിന് നൽകിയ അധിക ഭക്ഷ്യധാന്യത്തിന് പണം ഈടാക്കുമെന്നാണ് കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്.അധിക ഭക്ഷ്യവസ്തുക്കളുടെ പണം കേന്ദ്രം കേരളത്തിന് നൽകുന്ന ദുരിതാശ്വാസ സഹായത്തില്‍നിന്ന് ഈടാക്കുമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ കെ കെ രാഗേഷ് എം പി ക്ക് രേഖാമൂലം മറുപടി നൽകി.

എം എസ് പി നിരക്കിലാണ് അധിക ഭക്ഷ്യ ധാന്യം അനുവദിച്ചതെന്നും ആ നിരക്കിൽ തന്നെ തുക ഈടാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.89540 മെട്രിക് ടൺ ഭക്ഷ്യധാന്യത്തിന്റെ വില കുറിച്ചുള്ള തുകയേ ഇനി കേന്ദ്ര സഹായമായി കേരളത്തിന് ലഭിക്കൂ. ഏതാണ്ട് 250 കോടി രൂപയോളം കേരളത്തിന് ഇതോടെ നഷ്ടമാകും.

ഉചിതമായ തീരുമാനം വിഷയത്തിൽ എടുക്കാമെന്ന് കേരളത്തിലെ സർവകക്ഷി എം പി മാർക്ക് ഉറപ്പ് നൽകിയ കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്ന് കേരളത്തിന് അനുചിതമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്എ.ഫ് സി ഐ സ്റ്റേറ്റ് കൺസൽറ്റേറ്റിവ് കമ്മിറ്റി ഒക്ടോബർ 1 ന് ചേരുന്നയോഗത്തിൽ തീരുമാനംപുനപരിശോധിക്കണമെന്നവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകുമെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു.

പ്രളയത്തെതുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സർക്കാർ തീരുമാനം തിരിച്ചടിയാണ്. വിദേശ സഹായത്തിന് പിന്നാലെ, ഭക്ഷ്യധാന്യ വിഷയത്തിലും കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം.