പ്രളയക്കെടുതി; ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐ സ്‌നേഹവീടൊരുക്കുന്നു

പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഡി വൈ എഫ് ഐ സ്‌നേഹവീടൊരുക്കുന്നു. കോഴിക്കോട് കൂമ്പാറ സ്വദേശിനി സുബൈദയ്ക്കും കുടുംബത്തിനും നിര്‍മ്മിച്ച് നല്‍കുന്ന വീടിന് തറക്കല്ലിട്ടു. കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ 14ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 4 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ വീട് സ്വന്തമാവുക.

പ്രളയ പുനരധിവാസ പ്രവര്‍ത്തനത്തില്‍ ഡി വൈ എഫ് ഐ മുന്നിട്ടിറങ്ങുകയാണിവിടെ. നവംബര്‍ 11 മുതല്‍ 14 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് വീട് നിര്‍മ്മിച്ച് നല്‍കുക എന്ന ഉത്തരവാദിത്തം യുവജന സംഘടന ഏറ്റെടുത്തത്.

ഇക്കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കൂമ്പാറ സ്വദേശിനി സുബൈദയുടെ വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടമായിരുന്നു. നാട്ടുകാരനായ ജോസ് വാരിയാനി ഇഷ്ടദാനമായി നല്‍കിയ സ്ഥലത്താണ് വീടൊരുങ്ങുന്നത്.

തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌നേഹവീട് നിര്‍മ്മാണം. ജില്ലയില്‍ ഇത്തരത്തില്‍ 4 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

വീടിന്റെ തറക്കല്ലിടല്‍ തിരുവമ്പാടി എം എല്‍ എ ജോര്‍ജ് എം തോമസ് നിര്‍വഹിച്ചു. മധുരം വിതരണം ചെയ്ത് നാട്ടുകാര്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. സുമനസ്സുകളുടെ കൂടി സഹകരണത്തോടെ പരമാവധി വേഗത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News