കോട്ടയം ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. അനധികൃതമായി ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. നിലവില്‍ ഹോസ്റ്റല്‍ ഫീസിന് പുറമെ പിജി വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ സ്റ്റൈപെന്‍ഡില്‍ നിന്നും മൂന്നുശതമാനം തുക അടയ്‌ക്കേണ്ടി വരും.

വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. പ്രിന്‍സിപ്പല്‍ രേഖമൂലം കത്തുനല്‍കിയാല്‍ മാത്രമെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളജ് ഹോസ്റ്റലില്‍ 800 വിദ്യാര്‍ത്ഥികളാണുള്ളത്. ഇവരുടെ ഹോസറ്റല്‍ ഫീസ് പൊടുന്നനെ വര്‍ദ്ധിപ്പിച്ചതാണ് സമരത്തിനാധാരം. വര്‍ധിപ്പിച്ച ഫീസ് നിരക്കനുസരിച്ച് യുജി വിദ്യാര്‍ത്ഥികള്‍ 200 രൂപയും ഹൗസര്‍ജന്‍സ് 500 ഉം പിജി വിദ്യാര്‍ത്ഥികള്‍ 1500 രൂപയും അധികമായി അടയ്‌ക്കേണ്ടി വരും.എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ വി ടി ബീന ഫീ്‌സ് വര്‍ധന സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് കോളജ് വൈബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കുക മാത്രമാണ് ചെയ്തത്.

ഫീസ് വര്‍ധനക്കെതിരെ സമരത്തിനിരങ്ങിയാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരുടെ ഭീഷണിയുണ്ട്.

നിലവിലെ ഹോസ്റ്റല്‍ സൗകര്യം തൃപ്തികരമാണ്. ഈ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച ഫീസ് നിരക്ക് രേഖാമൂലം പിന്‍വലിച്ചാല്‍ സമരം പിന്‍വലിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.