മാനസരോവറില്‍ 33 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; സംഘത്തില്‍ രണ്ടു മലയാളികളും; കുടുങ്ങിയത് ട്രാവല്‍ ഏജന്‍സി തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന്

കൊച്ചി: കൈലാസ മാനസരോവര്‍ തീര്‍ഥാടനത്തിന് പോയ 33 ഇന്ത്യക്കാര്‍ നേപ്പാള്‍- ചൈന അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു.

ട്രാവല്‍ ഏജന്‍സി തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് രണ്ടു മലയാളികള്‍ ഉള്‍പ്പടെ 33 പേര്‍ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിലെ 25 പേര്‍ 70 വയസ്സിന് മുകളിലുള്ളവരാണ്.

30 മണിക്കൂറായി താല്‍ക്കാലിക വിശ്രമ കേന്ദ്രത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. എംബസി വഴി ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല. തിരികെ എത്തിക്കാന്‍ അധിക തുക നല്‍കണമെന്ന് ട്രാവല്‍ ഏജന്‍സി ആവശ്യപ്പെട്ടുവെന്ന് സംഘത്തിലുള്ളവര്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് തീര്‍ത്ഥാടക സംഘം മാനസരോവറിലെത്തിയത്. ലഖ്‌നൗവിലെ കംഫര്‍ട്ട് മൈ ട്രാവല്‍ ഏജന്‍സിയാണ് ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത്. ഇതിനായി ഒന്നര ലക്ഷത്തില്‍പ്പരം തുക ട്രാവല്‍ ഏജന്‍സിക്ക് ഇവര്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ കൈലാസയാത്ര കഴിഞ്ഞ് മടങ്ങും വഴി നേപ്പാള്‍ ചൈന അതിര്‍ത്തിയിലെ ഒരു വിശ്രമകേന്ദ്രത്തില്‍ ഇവരെ ഇറക്കിവിടുകയായിരുന്നുവെന്ന് സംഘത്തിലുള്ളവര്‍ പറയുന്നു.

അധിക തുക നല്‍കിയാലെ തിരികെ എത്തിക്കൂ എന്ന് ട്രാവല്‍ ഏജന്‍സിക്കാര്‍ പറഞ്ഞുവെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു.

കഴിഞ്ഞ 30 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ അവസ്ഥ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഉടന്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News