ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പരാതിക്കാരിക്കൊപ്പം നിൽക്കുന്ന സാക്ഷികളെ സ്വാധീനിക്കാൻ വീണ്ടും ശ്രമം. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മൊഴി നൽകിയ ഫാദർ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തി.

മാനസികമായി തകർക്കാനാണ് നിക്കോളാസിന്റെ ശ്രമമെന്ന് സിസ്റ്റർ അനുപമ. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.

ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ സാക്ഷികളായ കന്യാസ്ത്രീകളില്‍ നിന്നും 164 വകുപ്പ് പ്രകാരം രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അടുത്ത ദിവസം തന്നെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി കോട്ടയം സിജെഎം കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നൽകി. അതിനിടെയാണ് കന്യാസ്ത്രീയെ ആദ്യം പിന്തുണക്കുകയും പിന്നീട് മൊഴിമാറ്റുകയും ചെയ്ത കോടനാട് പള്ളി വികാരി ഫാദര്‍ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തിയത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഫാദർ നിക്കോളാസിന്റെ മഠം സന്ദർശനം സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമായിട്ടാണ് പൊലീസ് കാണുന്നത്. എന്നാൽ മഠത്തിലെത്തിയത് സ്വാഭാവിക സന്ദർശനത്തിനെന്നായിരുന്നു കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് വ്യക്തമാക്കിയത്.

ഫാ. നിക്കോളാസ് എത്തിയത് മാനസികമായി തളർത്താനെന്ന് സിസ്റ്റർ അനുപമ പ്രതികരിച്ചു. കന്യാസ്ത്രീകൾ ചെയ്തത് ശരിയായില്ലെന്നതുൾപ്പെടെയുളള പരാമർശങ്ങൾ നിക്കോളാസിന്റെ ഭാഗത്തു നിന്നുണ്ടായി.

ഇതിനിടെ കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ സിഐ കെ എസ് ജയന്‍ കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പ്രാഥമിക അന്വേഷമാണ് ഇപ്പോള്‍ നടക്കുന്നത്. വിഡീയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളെന്നും അന്വേഷണസംഘം വ്യക്തമാക്കി.