മഹാരാജാ മഹാദേവനെ കൊച്ചിയിൽ എത്തിച്ചു; കേരളത്തിൽ 500 കോടിയുടെ സാമ്പത്തിക ഇടപാട് നടത്തുന്നു‍വെന്ന് വിവരം; പൊലീസ്  പിടികൂടിയത് അതിസാഹസികമായി 

കൊച്ചി: പള്ളുരുത്തി പോലീസ് ചെന്നൈയിൽ അറസ്റ്റ് ചെയ്ത കൊള്ളപ്പലിശക്കാരൻ മഹാരാജാ മഹാദേവനെ കൊച്ചിയിൽ എത്തിച്ചു. കേരളത്തിൽ ഇയാൾ 500 കോടിയുടെ സാമ്പത്തിക ഇടപാട് നടത്തുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ജൂലൈയിൽ ഇയാളെ പിടികൂടിയെങ്കിലും ഗുണ്ടകൾ പോലീസിനെ ആക്രമിച്ച് മഹാരാജയെ മോചിപ്പിച്ചു.തുടർന്ന് കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ചെന്നൈയിലെത്തിയ പള്ളുരുത്തി പോലീസ് അതിസാഹസികമായി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചെന്നൈയിൽ നിന്ന് വിമാന മാർഗ്ഗം കരിപ്പൂരിലെത്തിച്ച മഹാരാജയെ രാവിലെ 10.30 ഓടെയാണ് കൊച്ചിയിലെത്തിച്ചത്. ഏതാനും ദിവസം മുൻപ് ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ സെയ്ദാ പേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.

തുടർന്ന് ട്രാൻസിറ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പള്ളുരുത്തി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കൊച്ചിയിൽ എത്തിച്ചത്.അതിസാഹസികമായാണ് പോലീസ് മഹാരാജയെ അറസ്റ്റ് ചെയ്തത്.ചെന്നൈയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കവെ അനുയായികൾ തടഞ്ഞു.

വലിയ സംഘർഷത്തെ തുടർന്ന് പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചാണ് മഹാരാജയെ പോലീസ് വാഹനത്തിൽ കയറ്റി വിമാനത്താവളത്തിലെത്തിച്ചത്. മഹാരാജയുടെ കൂട്ടാളികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ പോലീസ് മഹാരാജയെ പിടികൂടി.

തുടർന്ന് കൊച്ചിയിലേക്ക് കൊണ്ടുവരവെ കോയമ്പത്തൂരിൽ വെച്ച് ഗുണ്ടാസംഘം പോലീസിനെ ആക്രമിച്ച് മഹാരാജയെ മോചിപ്പിച്ച് കൊണ്ടുപോയി. ഈ സാഹചര്യത്തിൽ ആയുധധാരികളായ കൂടുതൽ പോലീസ് സംഘത്തിന്റെ സഹായത്തോടെയാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.വ്യവസായിയായ ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണ് നടപടി.

കേരളത്തിൽ മാത്രം 500 കോടിയുടെ സാമ്പത്തിക ഇടപാട് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. വിശദമായി ചോദ്യം ചെയ്യുന്നതിന് ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News