ശബരിമല സ്ത്രീ പ്രവേശനം; മുസ്ലീം അഭിഭാഷകനെതിരെ നുണ പ്രചാരണവുമായി സംഘപരിവാര്‍; കേസിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ രണ്ടുകൊല്ലം മുമ്പ് ചീറ്റിപ്പോയ നുണബോംബുമായി വീണ്ടും സംഘപരിവാര്‍.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ആവശ്യവുമായി ഡല്‍ഹിയിലെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകര്‍ ഹര്‍ജി നല്‍കിയത് 2006 ലാണ്. എന്നാല്‍ 2014 ല്‍ സംഘടനയുടെ പ്രസിഡണ്ടായി വന്ന നൗഷാദ് അഹമ്മദ് ഖാനാണ് കേസ് കൊടുത്തതെന്നാണ്‌ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുന്നത്.

രണ്ടുകൊല്ലം മുമ്പും ഈ പ്രചരണം നടത്തിയിരുന്നു. അന്ന് ഖാന് നേരെ വധഭീഷണി ഉണ്ടാകുകയും പോലിസ് സംരക്ഷണം തേടുകയും ചെയ്തിരുന്നു. കേസില്‍ വിധി വന്നതോടെ സംഘപരിവാര്‍ ബിജെപി കേന്ദ്രങ്ങള്‍ വീണ്ടും ഈ നുണയുമായി ഇറങ്ങുന്നു.

പത്ത് വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുന്നത് ചോദ്യം ചെയ്തുകൊണ്ട് 2006 ജൂലൈ 28 നാണ് കേസ് രജിസ്ട്രിയുടെ മുന്നിലെത്തുന്നത്. 2006 ആഗസ്ത് ഡബ്ല്യുപിസി നമ്പര്‍ 373 /2006 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അഡ്വക്കേറ്റുമാരായ ഭക്തി പസ്രിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാ കുമാരി, അല്‍ക ശര്‍മ്മ, സുധ പാല്‍ എന്നിവരായിരുന്നു പരാതിക്കാര്‍. കേസ് സുപ്രീം കോടതിയിലെത്തി എട്ടുവര്‍ഷം കഴിഞ്ഞ് 2014ല്‍ മാത്രമാണ് മാത്രമാണ് നൗഷാദ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. നൗഷാദിന്റെ മതം ഉയര്‍ത്തിപ്പിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്.

ഇസ്ലാമിക ഭീകരര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണെന്നും ശബരിമലയുടെ കാര്യത്തില്‍ മുസ്ലീമായ ഇയാള്‍ക്കെന്താണ് കാര്യമെന്നും ചോദിച്ച് രണ്ടുകൊല്ലം മുമ്പും പ്രചാരണം നടന്നിരുന്നു. വധഭീഷണിവരെ ഉയര്‍ന്നു.

പലയിടങ്ങളില്‍ നിന്നായി ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കുന്നതായി അഹമ്മദ് ഖാന്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.

400ഓളം ഫോണ്‍ കോളുകള്‍ ഇതുമായി ബന്ധപ്പെട്ട് തനിക്ക് വന്നിട്ടുണ്ടെന്നും അതില്‍ പലതും വധഭീഷണി മുഴക്കിക്കൊണ്ടുള്ളതാണെന്നും മുസ്ലീം അഭിഭാഷകനായതുകൊണ്ടാണ് തന്നെ അവര്‍ ലക്ഷ്യം വെക്കുന്നതെന്നും നൗഷാദ് അന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ അതേ മാതൃകയില്‍ സംഘപരിവാര്‍ വീണ്ടും നുണ പ്രചരിപ്പിയ്ക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here