പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗ രേഖ; ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഘടനകള്‍ പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കൊണ്ടുള്ള ദീപക് മിശ്രയുടെ അവസാന വിധി പ്രസ്താവമാണിത്.

പ്രതിഷേധ സമരങ്ങളുടെ ഭാഗം ആയി പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗ രേഖ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ് ഹര്‍ജി നല്‍കിയത്.രാജ്യമെങ്ങും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഘടനകള്‍ പൊതു, സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്നമാണ്.

മറാത്ത സംവരണ പ്രക്ഷേഭവും എസ്സി/എസ്ടി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധവും ഇതിനു ഉദാഹരണങ്ങളാണെന്നാണ് കോടതിയുടെ നിരീക്ഷണം.പൊതു, സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താനായി പ്രതിഷേധ പരിപാടികളുടെ വിഡിയോ പൊലീസ് ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പദ്മാവത് സിനിമയ്ക്ക് എതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കോടതിയെ സമീപിച്ചത്.നിങ്ങള്‍ സിനിമ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം.

പക്ഷെ മറ്റൊരാളുടെ സ്വത്ത് അതിന്റെ പേരില്‍ തൊടാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വന്തം വീട് കത്തിച്ചു പ്രതിഷേധിക്കാം. ഇങ്ങനെയായിരുന്നു ആഗസ്റ്റ് 10ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം.

കലാപങ്ങളും അക്രമങ്ങളും അരങ്ങേറിയാല്‍ അതിന്റെ ഉത്തരവാദിത്തം അതതു സ്ഥലങ്ങളിലെ എസ്പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചുമത്തണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന വിധി എന്നതാണ് ഈ ഹര്‍ജിയുടെ പ്രധാന പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News