സ്മാരകശിലയായി പുനത്തിൽ കുഞ്ഞബ്ദുള്ള; നാമെല്ലാം ഇത്രയേയുള്ളൂവെന്ന് എം മുകുന്ദൻ

“പുരാതനമായ പളളിയുടെയും പളളിപ്പറമ്പിന്റെയും കഥ. പറമ്പു നിറഞ്ഞു കിടക്കുന്ന ശ്‌മശാനത്തിന്റെയും കെട്ടുകഥകള്‍ പറയാന്‍ കഴിയുന്ന ശ്‌മശാനവാസികളുടെയും കഥ. ഉയിര്‍ത്തെണീക്കുകയും വീണ്ടും ജീവിക്കുകയും ചെയ്യുന്ന ശ്‌മശാനവാസികള്‍. ‘സ്‌മാരകശിലകളു’ടെ ജീവന്‍ മനുഷ്യരാണ്‌. സ്‌മാരകശിലകളാവുന്ന അനശ്വരരായ മനുഷ്യര്‍”

തന്റെ സ്മാരക ശിലകൾ എന്ന നോവലിന് പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ ആമുഖക്കുറിപ്പിലെ വരികളാണിത്. സ്മാരകശിലകളായി മാറിയ അനശ്വരരായ മനുഷ്യരെക്കുറിച്ച് പുനത്തിൽ എഴുതിയ വരികൾ മനസ്സിലെത്തിക്കുന്നു എം മുകുന്ദൻ കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പോസ്റ്റു ചെയ്ത ചിത്രം.

ഒഞ്ചിയം കാരക്കാട് ജുമാ മസ്ജിദിൽ 786 ാം നമ്പറിൽ കാട് പിടിച്ചു കിടക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കബറിടത്തിന്റെ ചിത്രമാണ് മുകുന്ദൻ പോസ്റ്റു ചെയ്തത്.
ചിത്രത്തിനൊപ്പം ഇങ്ങനെയൊരു കുറിപ്പും: “പുനത്തിൽ കുഞ്ഞബ്ദുള്ള, ഒരു വർഷത്തിന് ശേഷം. ഇത്രയേയുള്ളൂ നാമെല്ലാം”

എം മുകുന്ദന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് ശാരദക്കുട്ടിയും ഇങ്ങനെ കുറിക്കുന്നു:

“ഇത്രയേ ആകാവൂ… മനുഷ്യർ കല്ലും സിമിൻറും കോൺക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടത്. കുഞ്ഞിക്കയെപ്പോലൊരാൾക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക.. പച്ചമനുഷ്യൻ പച്ചയോടു ചേർന്നു കിടക്കട്ടെ.”

പുനത്തിലിന്റെ സന്തത സഹചാരികളിലൊരാളും എഴുത്തുകാരനുമായ വി ആർ സുധീഷ് ആണ് ഫോട്ടൊയെടുത്ത് മുകുന്ദന് അയച്ചു കൊടുത്തത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ പരക്കുകയാണിപ്പോൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News