മെസി ഇനി തിരിച്ചു വരണ്ട; വിരമിക്കുന്നതാണ് നല്ലതെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ അര്‍ജന്‍റീന ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട ഫുട്ബോളില്‍ നിന്ന് വിരമിക്കണമെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ.

ലോകകപ്പിനു ശേഷം നടന്ന അര്‍ജന്‍റീനയുടെ സൗഹൃദ മത്സരങ്ങളിലൊന്നും കളിക്കാത്ത മെസി ഇനി തിരിച്ചുവരേണ്ടെന്നും മറഡോണ പറയുന്നു.

മെസി ദേശീയടീമിന് വേണ്ടി കളിക്കാതെ ക്ലബ് ഫുട്ബോളില്‍ സജീവമായി നില്‍ക്കുകയാണല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മറഡോണ.

കളിക്കളത്തില്‍ എന്തുചെയ്താലും മെസി നിരന്തരം കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയനാകുകയാണെന്ന് മറഡോണ ചൂണ്ടിക്കാട്ടി.

അര്‍ജന്‍റീനയുടെ പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ മെസിയുടെ ചുമലുകളിലാണ്. അത് സാധിക്കാതെ വരുമ്പോള്‍ മെസിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മറഡോണ പറഞ്ഞു.

മെസിയില്ലാത്ത അവസ്ഥ ടീമിന് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് നോക്കാമെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു അര്‍ജന്‍റീനയുടെ താല്‍ക്കാലിക പരിശീലകന്‍ ലയണല്‍ സ്‌കലോണിയേയും മറഡോണ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്‌കലോണിക്ക് ട്രാഫിക്ക് നിയന്തിക്കാന്‍ പോലും ക‍ഴിയില്ലെന്നും ഇത്തരമൊരാള്‍ക്ക് ആരാണ് ദേശീയ ടീമിന്‍റെ പരിശീലക ചുമതല കൊടുത്തതെന്നും മറഡോണ ചോദിച്ചു.

1978 ല്‍ ലോകകപ്പ് നേടിയ സീസര്‍ ലൂയിസ് മെനോട്ടിയെ പോലൊരു താരമാണ് ഇപ്പോള്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കേണ്ടതെന്നും മറഡോണ പറഞ്ഞു.

ബ്രസീല്‍ ലോകകപ്പ് ഫൈനലിലെയും 2016 കോപ്പ അമേരിക്ക ഫൈനലിലെയും തോല്‍വികള്‍ക്ക് പിന്നാലെ മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തീരുമാനം പിന്‍വലിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയിരുന്നു.

റഷ്യന്‍ ലോകകപ്പിന് മുമ്പ് കിരീടം നേടിയില്ലെങ്കില്‍ ദേശീയ ടീമില്‍ ഇനി കളിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ലോകകപ്പ് നേടാതെ വിരമിക്കില്ലെന്ന് മാറ്റിപ്പറഞ്ഞ ചരിത്രവും മെസിക്കുണ്ട്.

മെസിയുടെ നേതൃത്വത്തില്‍ റഷ്യന്‍ ലോകകപ്പിനിറങ്ങിയ അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News