ആ ചോദ്യങ്ങള്‍ക്ക് വിരാമമായി; താന്‍ റയല്‍ വിട്ടതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി റൊണാള്‍ഡോ

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രേരിപ്പിച്ച കാരണങ്ങൾ പുറത്ത്. നികുതി കേസും പ്രതിഫല കാര്യത്തിലും ക്ലബ് ചരിത്രത്തിലും റയല്‍ അധികൃതര്‍ കാട്ടിയ അവഗണനയുമാണ് ക്രിസ്റ്റ്യാനോ മാഡ്രിഡ് ക്ലബ് വിടാനുള്ള യഥാര്‍ത്ഥ കാരണങ്ങളെന്ന് സ്പാനിഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിഫല കാര്യത്തില്‍ ക്ലബ് അധികൃതരും നികുതി കേസില്‍ സ്പോണ്‍സര്‍മാരും ചതിച്ചുവെന്നും റൊണാള്‍ഡോ ഇപ്പോ‍ഴും വിശ്വസിക്കുന്നു.

നികുതി കേസില്‍ പി‍ഴ നല്‍കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലയണല്‍ മെസിയെ ബാ‍ഴ്സലോണ സഹായിച്ചപ്പോള്‍ തന്നെ റയല്‍ അധികൃതര്‍ സഹായിച്ചില്ല.

അക്കാലത്ത് തന്നില്‍ നിന്നും കേസില്‍ നിന്നും അകലം പാലിക്കുന്ന നിലപാടായിരുന്നു ക്ലബ് ഉടമകള്‍ക്ക്. ഇത് ചതിയാണെന്ന് റോണോ പറയുന്നു.

നികുതിയുമായി ബന്ധപ്പെട്ട് റിസ്ക് എടുക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഏജന്‍റായ ജോർജ് മെൻഡസ്, ഉപദേശക സംഘം എന്നിവരുമായി നടത്തിയ കൂടിക്കാ‍ഴ്ചയില്‍ റൊണാൾഡോ വ്യക്തമാക്കിയിരുന്നു.

നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് നോട്ടിസ് ലഭിച്ചപ്പോള്‍ റൊണാൾഡോ കുപിതനായെന്നും റിപ്പോർട്ട് പറയുന്നു.

നികുതി അടയ്ക്കരുതെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം.

നികുതി അടയ്ക്കേണ്ടത് സ്പോൺസർമാരാണ്. പിന്നെ എന്നെ എന്തിന് കുറ്റപ്പെടുത്തണമെന്ന് റൊണാൾഡോ ചോദിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഞാൻ അധികം പഠിച്ചിട്ടില്ല. ജീവിതത്തിൽ അറിയാവുന്ന ഒരേയൊരു കാര്യം ഫുട്ബോൾ കളിയാണ്. പക്ഷേ ഞാൻ തീരെ വിഡ്ഢിയല്ല.

ആരെയും എനിക്കു വിശ്വാസവുമില്ല. ഈ കാരണത്താലാണ് നിയമോപദേശകരുടെ സഹായം തേടുമ്പോൾ അവർ ആവശ്യപ്പെടുന്നതിലും 30 ശതമാനം തുക അധികം ഞാൻ നൽകുന്നത്.

പ്രശ്നങ്ങളുണ്ടാക്കാൻ എനിക്കു താൽപര്യമില്ല. നിയമപരമായിത്തന്നെ മുന്നോട്ടുപോകണമെന്നും റൊണാള്‍ഡോ ആവശ്യപ്പെട്ടാതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒപ്പം പ്രതിഫല കാര്യത്തില്‍ ക്ലബ് അധികൃതര്‍ അവഗണിച്ചുവെന്നും റൊണാള്‍ഡോ കുറ്റപ്പെടുത്തുന്നതായി ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാ‍ഴ്സയിൽ മെസിക്ക് തന്നേക്കാൾ പ്രതിഫലം ലഭിക്കുന്നതും പിഎസ്ജിയിലേക്ക് മാറിയ ബ്രസീലിയൻ താരം നെയ്മർ പ്രതിഫലക്കാര്യത്തിൽ തന്നെ പിന്നിലാക്കിയതും റൊണാൾഡോയെ അസ്വസ്ഥനാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.

പ്രതിഫലക്കാര്യം റൊണാൾഡോ ഡ്രസിങ് റൂമിൽ അനാവശ്യമായി ചർച്ച ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് പരിശീലകനായിരുന്ന സിനദീൻ സിദാൻ ക്ലബ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ക്ലബ് അധികൃതര്‍ പരിഗണിച്ചില്ലെന്ന് മാത്രം.

റയല്‍ മാഡ്രിഡിന് വേണ്ടി ഒട്ടേറെ നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടും ക്ലബിന്‍റെ എക്കാലത്തേയും മികച്ച താരമായി തന്നെ പരിഗണിക്കാത്തതിലും ക്രിസ്റ്റ്യാനോ അതൃപത്നായിരുന്നു.

അൽഫ്രെഡോ ഡി സ്റ്റെഫാനോയെ ഇതിഹാസതാരമായി എപ്പോ‍ഴും അവതരിപ്പിക്കുകയായിരുന്നു ക്ലബ് അധികൃതര്‍. ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റൊണാള്‍ഡോ.

ഇതിൽ കൂടുതൽ ഞാൻ ഈ ക്ലബ്ബിനായി എന്തു ചെയ്യാനാണെന്നും റൊണാൾഡോ പറഞ്ഞതായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ ലോകകപ്പിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ റയൽ വിട്ടതെങ്കിലും, ക്ലബ് മാറാനുള്ള റൊണാൾഡോയുടെ ശ്രമം 2017 മേയ് മാസത്തിൽത്തന്നെ തുടങ്ങിയിരുന്നുവെന്നാണ് ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചാമ്പ്യാന്‍സ് ട്രോഫിയില്‍ ഹാട്രിക് നേടിയതിന് പിന്നാലെ അടുത്ത വര്‍ഷം റയലിലുണ്ടാവുകയില്ലെന്ന് റൊണാള്‍ഡോ പരസ്യമായി പറഞ്ഞിരുന്നു.

പിന്നീട് സെര്‍ജിയോ റാമോസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് റയലില്‍ തന്നെ തുടരുമെന്ന് ക്രിസ്റ്റ്യാനോ മാറ്റിപറഞ്ഞിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ യുവന്‍റസുമായി കരാര്‍ ഒപ്പിടുകയും ചെയ്തു.

അതേ സമയം സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയെ വില്‍ക്കാന്‍ നിര്‍ബന്ധിതരായതാണെന്ന് ഞായറാ‍ഴ്ച നടന്ന ജനറല്‍ അസംബ്ലിയില്‍ ക്ലബ് പ്രസിഡന്‍റ് ഫ്ലോറന്‍റിനോ പെരസ് അവതരിപ്പിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ക്ലബിന്‍റെ സ്വന്തം സ്റ്റേഡിയം സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ക്കും
വികസനത്തിനും പണം കണ്ടെത്താന്‍ റോണോയെ പൊലൊരു താരത്തെ നിലനിര്‍ത്തിക്കൊണ്ടാവില്ലെന്നു പെരസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News