അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് തിരിമറി; വിജിലന്‍സ് അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി: എകെ ബാലന്‍

അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് തിരിമറി സംബന്ധിച്ച് മാതൃഭൂമി ചാനലില്‍ വന്ന വാര്‍ത്ത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

2018 മാര്‍ച്ചില്‍ സംസ്ഥാന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ വാര്‍ത്ത മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്.

സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ടാണ് 1980 ഏപ്രില്‍ മാസം കേരള അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് സ്കീമിന് രൂപം നല്‍കിയിട്ടുള്ളത്.

ഈ സ്കീമില്‍ ഇപ്പോള്‍ ഇരുപത്തയ്യാ യിരത്തോളം അഭിഭാഷകര്‍ അംഗങ്ങളായിട്ടുണ്ട്. അഭിഭാഷകവൃത്തിയില്‍ നിന്നും വിരമിക്കുന്ന ക്ഷേമനിധിയില്‍ അംഗമായ ഒരു അഭിഭാഷകന് പത്ത് ലക്ഷം രൂപ വരെ വിരമിക്കല്‍ ആനുകൂല്യമായി ഈ ക്ഷേമനിധിയില്‍ നിന്നും ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ക്ഷേമനിധിയില്‍ അംഗങ്ങളായ അഭിഭാഷകര്‍ നല്‍കുന്ന വിഹിതത്തിന് പുറമെ അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് സ്റ്റാമ്പ് വഴി ശേഖരിക്കുന്ന തുകയും ലീഗല്‍ ബെനിഫിറ്റ് ഫണ്ടില്‍ നിന്നും ലഭിക്കുന്ന തുകയും കൂടിച്ചേരുന്ന താണ് ക്ഷേമനിധിയിലെ വരുമാന മാര്‍ഗ്ഗം.

അഡ്വക്കേറ്റ് ജനറല്‍ ചെയര്‍മാനും സംസ്ഥാന ബാര്‍കൗണ്‍സില്‍ സെക്രട്ടറി ട്രഷറര്‍ എന്നിവര്‍ യഥാക്രമം സെക്രട്ടറിയും ട്രഷററുമായും നിയമ സെക്രട്ടറി, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മറ്റ് അഞ്ച് അംഗങ്ങളും ഉള്‍പ്പെടുന്ന ഒന്‍പത് അംഗ ഭരണസമിതിയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്.

2007 മുതല്‍ 2013 വരെയുള്ള കാലയളവിലെ ഓഡിറ്റ് പൂര്‍ത്തിയായപ്പോള്‍ ഫണ്ടില്‍ ക്രമക്കേട് നടന്നതായി ഭരണസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് 2017 ജൂലൈ മാസത്തില്‍ ഈ സര്‍ക്കാര്‍ ഉത്തരവിട്ടുള്ളതാണ്.

വിജിലന്‍സ് അന്വേഷണത്തില്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ക്ഷേമനിധിയിലെ ഉദ്യോഗസ്ഥനായ അക്കൗണ്ടന്‍റ് പ്രഥമദൃഷ്ട്യാ ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയും അക്കൗണ്ടന്‍റിനെതിരെ വിജിലന്‍സ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തിവരികയുമാണ്.

ഇതിനുപുറമെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തെക്കൊണ്ട് ക്ഷേമനിധി ഫണ്ടിന്‍റെ 2007-2008 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ തീരുമാനിക്കു കയും അതിന്‍ പ്രകാരം ഓഡിറ്റ് പുരോഗമിക്കുകയുമാണ്.

ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയക്ക് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരം ക്രമക്കേടുകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here