‘എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം’ എന്ന സന്ദേശം ശുചിത്വത്തോടുള്ള ഗാന്ധിജിയുടെ കാഴ‌്ചപ്പാടിന്‍റെ പ്രതിഫലനംകൂടിയാണ് – ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക വേളയിൽ മുഖ്യമന്ത്രി എ‍ഴുതുന്നു

ഗാന്ധിജി സാമ്രാജ്യത്വവിരുദ്ധമായ രാഷ്ട്രീയത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പകർത്തിയിരുന്നു. വർഗീയതയ‌്ക്കെതിരെയുള്ള ഗാന്ധിജിയുടെ നിലപാടും പ്രസിദ്ധമാണ്. മുന്നോട്ടുവയ‌്ക്കുന്ന കാഴ്ചപ്പാടുമായി ജീവിതത്തെ പൊരുത്തപ്പെടുത്താനും ഗാന്ധിജി ശ്രദ്ധിച്ചിരുന്നു.

അതിന്റെ ഭാഗമായി മാലിന്യനിർമാർജന പ്രശ്നത്തെ ദൈനംദിനജീവിതവുമായി ബന്ധിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചിരുന്നു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ശുചിത്വത്തോടുള്ള ഗാന്ധിജിയുടെ കാഴ‌്ചപ്പാടിന്റെ പ്രതിഫലനംകൂടിയാണ്.

കാലവർഷക്കെടുതി നിരവധി പാഠങ്ങൾ നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പാരിസ്ഥിതികപ്രശ്നങ്ങളുമായി ചേർന്നുനിൽക്കുന്ന മാലിന്യത്തിന്റെ പ്രശ്നങ്ങൾ.

നമ്മുടെനാട്ടിലെ ജലസ്രോതസ്സുകൾ എത്രത്തോളം ദുഷിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഉദാഹരണമായിരുന്നു പ്രളയത്തിനുശേഷം വിവിധയിടങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യക്കൂമ്പാരം. ഇത‌് വീണ്ടും നദിയിലേക്കുതന്നെ നിക്ഷേപിക്കപ്പെടുമെന്നതിനാൽ സർക്കാരിന‌് അതിനെതിരെ മുന്നറിയിപ്പ് നൽകേണ്ടിവന്നു.

മാലിന്യസംസ‌്കരണം എന്നത് കാലവർഷക്കെടുതിയുടെ ഭാഗമായി മാത്രം സർക്കാർ കണ്ട ഒന്നല്ല. ഈ പ്രശ്നം പരിഹരിക്കാൻ കൂടിയാണ് ഹരിതകേരളം മിഷൻ രൂപീകരിച്ചത്.

മാലിന്യത്തിൽനിന്ന‌് സ്വാതന്ത്ര്യത്തിലേക്ക‌്
കാലവർഷക്കെടുതി ഉണ്ടായ ഘട്ടത്തിൽ തദ്ദേശസ്വയംഭരണ വകുപ്പും ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്ന‌് ‘ക്ലീൻ കേരള ക്യാമ്പയിൻ’ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ തീവ്ര ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ‌് പകർച്ചവ്യാധികളിൽനിന്ന‌് പ്രളയബാധിത പ്രദേശങ്ങളെ രക്ഷപ്പെടുത്താനായത‌്. 17688 ടൺ അജൈവമാലിന്യവും 12263 ടൺ ജൈവമാലിന്യവും ഇതിനകം പ്രളയബാധിതപ്രദേശങ്ങളിൽനിന്ന‌് നീക്കംചെയ‌്തു. അവശേഷിക്കുന്നവയും മാറ്റണം.

ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2 മുതൽ 16 വരെ സാമൂഹ്യ ഐക്യദാർഢ്യപക്ഷമായി പട്ടികജാതി – പട്ടികവർഗ വികസനവകുപ്പ് ആചരിച്ചുവരുന്നുണ്ട്. ശുചീകരണപ്രവർത്തനങ്ങൾക്കാണ‌് ഊന്നൽ. പട്ടികജാതി –പട്ടികവർഗ വികസന വകുപ്പുകളുടെ റസിഡൻഷ്യൽ സ‌്കൂളുകൾ, ഹോസ്റ്റലുകൾ, ഐടിഐകൾ, നേഴ്സറി സ‌്കൂളുകൾ എന്നിവയും അവയോട് ചേർന്നുള്ള പ്രദേശങ്ങളും ശുചീകരിക്കും.

വൃത്തി വീണ്ടെടുത്തും പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ആവിഷ‌്കരിച്ചുംമാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ. അത് കണ്ടുകൊണ്ടുള്ള പ്രവർത്തനമാണ‌് സർക്കാർ ആവിഷ്‌കരിച്ചത‌്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കഴിയാവുന്നിടത്തോളം വികേന്ദ്രീകൃതമായി ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കണം. ഖരമാലിന്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിച്ച് സംസ്കരിക്കുകയോ കൈമാറ്റംചെയ്യുകയോ വേണം. ആവശ്യമുള്ള ഇടങ്ങളിൽ വലിയ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിച്ചു‌. സർക്കാരിന്റെ ഈ കാഴ്ചപ്പാടുകളെ ഫലപ്രദമാക്കുന്നതിനാണ് ‘മാലിന്യത്തിൽനിന്ന‌് സ്വാതന്ത്ര്യം’ എന്ന പദ്ധതി കഴിഞ്ഞവർഷം സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ചത്. പഞ്ചായത്തുകളും നഗരസഭകളും ഈ പദ്ധതിയുടെ ഭാഗമായി മാലിന്യസംസ്കരണ പ്രോജക്ടുകൾക്ക‌് രൂപം നൽകിയിട്ടുണ്ട‌്.

898 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി മുപ്പതിനായിരത്തിലധികം അംഗങ്ങളുള്ള ഹരിതകർമ സേനകൾ രൂപീകരിക്കപ്പെട്ടു. 339 ഇടങ്ങളിൽ എംസിഎഫ് സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പൊടിക്കുന്ന 119 സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രവത്തായി നടത്തണം.

വേണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി
ശുചിത്വത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് പരിസ്ഥിതി സൗഹൃദജീവിത ശൈലിയിലേക്കുള്ള മാറ്റംതന്നെയാണ്. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്.

മാലിന്യത്തിന്റെ അളവ് കുറയ‌്ക്കുക, മാലിന്യ ഉൽപ്പാദനം ഇല്ലാതാക്കുക, രൂപപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയവയ്ക്കായി അനുവർത്തിക്കുന്ന രീതിയാണ് ഹരിത പെരുമാറ്റച്ചട്ടം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരിസ്ഥിതിസൗഹൃദ ശൈലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനമാണിത‌്. വ്യക്തിജീവിതം, കുടുംബം, ഓഫീസുകൾ, പൊതുപരിപാടികൾ, വിവാഹം, സമ്മേളനങ്ങൾ, ഉത്സവങ്ങൾ തുടങ്ങി സമസ്തതലങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ ബാധകമാക്കാം. എന്നാൽ, അതിനുള്ള ശീലം ഉണ്ടാക്കിയെടുക്കലാണ് പ്രധാനം.

മാലിന്യ ഉൽപ്പാദനത്തിന്റെ അളവ് കുറയ‌്ക്കുന്നതിന‌് ഡിസ്പോസിബിൾ സാധനങ്ങളുടെ ഉപേയാഗം പൂർണമായും ഒഴിവാക്കി, കഴുകി ഉപയോഗിക്കാൻകഴിയുന്ന പാത്രങ്ങൾ ശീലമാക്കുകയും ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം അതത് സ്ഥലങ്ങളിൽത്തന്നെ കമ്പോസ്റ്റിങ്ങിലൂടെ വളമാക്കിമാറ്റുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യണം. വൻ ജനപങ്കാളിത്തമുണ്ടാകുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും സമ്മേളനങ്ങളിലും മേളകളിലും വിവാഹങ്ങളിലുമെല്ലാം ഹരിതരീതികൾ പാലിക്കുന്നത് മാലിന്യ ഉൽപ്പാദനത്തിന്റെ അളവ് കുറയ്ക്കാൻ സഹായകരമാണ്.

വലിച്ചെറിയരുത‌് മാലിന്യം
മാലിന്യം അശ്രദ്ധമായി വലിച്ചെറിയാതെ തരംതിരിച്ച‌് സൂക്ഷിക്കാനും ശാസ്ത്രീയമായി നടക്കുന്ന സംസ‌്കരണസംവിധാനങ്ങളിലേക്ക‌് കൈമാറുന്നതിനും ജനങ്ങളെ പഠിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അത് വിദ്യാഥികളിലൂടെ മുതിർന്നവരിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കലാണ്.

അതിനുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷനും വിദ്യാഭ്യാസവകുപ്പിനും ചേർന്ന‌് ആവിഷ്കരിക്കാനാകണം. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഫ്ലക്സ്, ഒരുതവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേരളപ്പിറവിദിനമായ നവംബർ ഒന്നോടെ സംസ്ഥാനത്തെ മുഴുവൻ പൊതുസ്ഥാപനങ്ങളും ഹരിത പെരുമാറ്റച്ചട്ടത്തിലേക്ക് മാറ്റാനും സർക്കാർ ലക്ഷ്യംവയ‌്ക്കുന്നുണ്ട്‌.

സജീവമാകാം കർമസേനയിലൂടെ
ഈ ഗാന്ധിജയന്തി വാരം പ്രളയാനന്തരമുളള പുനർനിർമാണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകിയുളള പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ നടക്കുകയാണ്. ഒരു ലക്ഷം പേരുടെ കർമസേന ഇതിനായി അണിനിരക്കും. വിവിധ സർക്കാർ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർസ്ആർട്സ് ക്ലബ്ബുകൾ തുടങ്ങി എല്ലാവരും ചേർന്നുളള ഒരു കൂട്ടായ്മ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകും.

ഹരിതകേരളം എന്ന കാഴ്ചപ്പാട് പ്രാവർത്തികമാക്കുക എന്നത് സർക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. കേരളത്തിന്റെ പുനർനിർമാണത്തിനുവേണ്ടിയുള്ള കാഴ്ചപ്പാടുകളിൽ ഇതിന് പ്രധാന സ്ഥാനവുമുണ്ട്. കേരളത്തിന്റെ പുനർനിർമാണം ഫലപ്രദമാകണമെങ്കിൽ നമ്മുടെ ജീവിതശൈലികളിലും അതിനനുയോജ്യമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കണം.

പരിസ്ഥിതിസൗഹാർദപരമായ ചിന്തയും ജീവിതശൈലിയും രൂപപ്പെടുത്തുക എന്നതും പുനർനിർമാണത്തിനോടൊപ്പം നടക്കേണ്ട ഒന്നാണ്. അതിന്‌ സഹായകമാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ കൂടി ആവിഷ്ക്കരിക്കുക എന്നത് അതുകൊണ്ട് തന്നെ പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News